ശ്രീലങ്കയിലെ സ്ഫോടനത്തിൽ മൊഗ്രാൽ പുത്തൂർ സ്വദേശിനിയും കൊല്ലപ്പെട്ടു; ആകെ മരണം 160 ആയി


മൊഗ്രാല്‍ പുത്തൂര്‍, (ഏപ്രിൽ 21 2019, www.kumblavartha.com) ● ശ്രീലങ്കയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയാണ് (61) കൊല്ലപ്പെട്ടത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരണം 160 കടന്നു. മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായാണ് സ്ഫോടനം നടന്നത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

രാവിലെ 8.45നാണ് ലോകത്തെ നടുക്കി സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിദേശികളുള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആശുപത്രിയിലുള്‍പ്പെടെ പ്രവേശിപ്പിച്ചു. അതേസമയം കൊളംബോയില്‍ വീണ്ടും സ്ഫോടനം നടന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
keyword : killed-mogral-puthoor-native-shreelanga-Explosion-160-deaths