ജുഡീഷ്യറി അത്യന്തം ഭീഷണിയിൽ; ആരോപണം അടിസ്ഥാന രഹിതം; തന്നെ വിലക്കെടുക്കാനാവില്ല: ചീഫ് ജസ്റ്റിസ്


ന്യൂഡൽഹി, ഏപ്രിൽ 20 , 2019 ● കുമ്പളവാർത്ത.കോം : സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര സിറ്റിങ്ങിനിടെയാണ് തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വിവരം ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചത്. വയര്‍, ലീഫ്ലെറ്റ്, കാരവന്‍, സ്‌ക്രോള്‍ തുടങ്ങിയ മാധ്യമങ്ങളില്‍നിന്നുള്ള സന്ദേശം ഇന്നലെ വൈകിട്ട് ലഭിച്ചിരുന്നു. എല്ലാ ജീവനക്കാരോടും താന്‍ മാന്യമായാണ് പെരുമാറിയിരുന്നത്. ഒന്നരമാസം മാത്രമേ ആരോപണമുന്നയിച്ച സ്ത്രീ ഇവിടെയുണ്ടായിരുന്നുള്ളൂ. ആരോപണമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ മാത്രം ഗൗരവമുണ്ടെന്നു കരുതിയിരുന്നില്ലെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 

യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്‌ഐആറാണ് അവര്‍ക്കെതിരെയുള്ളത്. ക്രിമിനല്‍ കേസ് നിലവിലുള്ളപ്പോള്‍ അവരെങ്ങനെയാണ് സുപ്രീംകോടതിയില്‍ ജോലിക്കു കയറിയത്? അക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിനോട് തേടിയിട്ടുണ്ട്. സംസ്ഥാന പൊലീസ് തന്നെ അവരുടെ ജാമ്യം നിഷേധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സ്ത്രീയുടെ ഭര്‍ത്താവിനെതിരെയും കേസുണ്ട്. തന്റെ 20 വര്‍ഷത്തെ സേവനത്തിനിടെ ഇത്തരമൊരു ആരോപണം അവിശ്വസനീയമാണ്. 6,80,000 രൂപയാണ് എന്റെ അക്കൗണ്ടിലുള്ളത്. എന്റെ ആകെയുള്ള സമ്പാദ്യം അതാണ്. ഒരു ജൂനിയര്‍ അസിസ്റ്റന്റ് വിചാരിച്ചാല്‍ ഇത്രവലിയ ഗൂഢാലോചന നടക്കില്ല. ചീഫ് ജസ്റ്റിസിനെയും ഓഫിസിനെയും നിര്‍ജീവമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വലിയ ഭീഷണിയിലാണ്. ജഡ്ജിമാര്‍ ഇത്തരം സാഹചര്യത്തിലാണ് ജോലി ചെയ്യേണ്ടതെങ്കില്‍ നല്ലയാളുകള്‍ ഒരിക്കലും ഇവിടേക്കു വരില്ല. എത്രവലിയ ആരോപണം ഉയര്‍ന്നാലും താനിവിടെ തുടരും. താനല്ല, മുതിര്‍ന്ന ജഡ്ജിമാരാകും ഈ വിഷയം പരിഗണിക്കുകയെന്നും രഞ്ജന്‍ ഗെഗോയ് പറഞ്ഞു. ജുഡീഷ്യറിയുടെ നിലനില്‍പ് ഭീഷണിയിലാണെന്ന് അറിയിക്കുന്നതിനാണ് അസാധാരണമായ ഈ നടപടി താന്‍ സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് എജിയോടു പറഞ്ഞു. സല്‍പേര് മാത്രമാണ് കൈമുതലായുള്ളത്. ഇതു പോലുള്ള ആരോപണങ്ങളാണ് ഉയരുന്നതെങ്കില്‍ ഒരു കേസും തീര്‍പ്പു കല്‍പ്പിക്കാന്‍ ജഡ്ജിമാര്‍ തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആരോപണത്തിന്റെ സ്വഭാവം ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനു തുല്യമാണെന്ന് ജസ്റ്റിസ് തുഷാര്‍ മേത്തയും പറഞ്ഞു. ലൈംഗികാരോപണ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലാത്തതാണ്. അവരുടെ പേരുപോലും പുറത്തുവന്നിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. കോടതിയിലെ ഒരു ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് താനും ആക്രമണത്തിന്റെ നിഴലിലാണ്. സര്‍ക്കാരിനെ ന്യായീകരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് താന്‍ നേരിട്ടതെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

ജുഡീഷ്യറിയില്‍ വിശ്വാസമില്ലെങ്കില്‍ എങ്ങനെയാണ് ഇവിടെ പ്രവര്‍ത്തിക്കുകയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എങ്ങനെയാണ് സംരക്ഷിക്കുക. ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വാസമുണ്ടെന്നും മിശ്ര പറഞ്ഞു. 

ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന കത്ത് സുപ്രീംകോടതിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരി പ്രചരിപ്പിച്ചിരുന്നതായി സെക്രട്ടറി ജനറല്‍ തുടക്കത്തില്‍ തന്നെ കോടതിയെ അറിയിച്ചു. അവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ക്രിമിനല്‍ കേസുകളില്‍ കുടുക്കിയെന്നും അതില്‍ പറഞ്ഞിരുന്നു. കാരവന്‍ ഇതു സംബന്ധിച്ച വാര്‍ത്ത ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട് - സെക്രട്ടറി ജനറല്‍ പറഞ്ഞു.

ഇന്നുരാവിലെയാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സുപ്രധാനമായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ അടിയന്തര സിറ്റിങ് നടത്തുന്നതായി അഡീഷനല്‍ റജിസ്ട്രാര്‍ അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം മുന്നോട്ടു വച്ചതെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു.
keyword : judiciary-in-trouble-Chief-justice-denies-allegations