ഉത്തരേന്ത്യയിൽ കനത്ത കാറ്റും മഴയും; 31 മരണം


ന്യൂഡല്‍ഹി, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : കനത്ത മഴയിലും ഇടിമിന്നലിലും ഉത്തരേന്ത്യയില്‍ 31 മരണം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായാണ് കനത്തമഴയും കാറ്റും ഇടിമിന്നലും വന്‍നാശം വിതച്ചത്.  മധ്യപ്രദേശില്‍ 16 പേര്‍ക്കും ഗുജറാത്തില്‍ ഒമ്പതുപേര്‍ക്കും രാജസ്ഥാനില്‍ ആറുപേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. 

രാജസ്ഥാനിലെ കോട്ട, അജ്മീര്‍, പിലാനി എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മുതല്‍ കനത്തമഴ ലഭിച്ചു. പലയിടങ്ങളിലും ഗതാഗതം തടസപ്പെടുകയും സാധാരണജീവിതം ദുസ്സഹമാവുകയും ചെയ്തു. ആഞ്ഞുവീശിയ പൊടിക്കാറ്റ് രാജസ്ഥാനിലും ഗുജറാത്തിലും വന്‍ നാശനഷ്ടമുണ്ടാക്കി. ഗുജറാത്തിലെ സബര്‍ക്കാന്ത ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് തയ്യാറാക്കിയ വേദി കാറ്റില്‍ തകര്‍ന്നു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ അടിയന്തരധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തബാധിതര്‍ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
keyword : heavy-winds-rains-31-deaths-in-north-India