പ്രവാസികളെ വോട്ടുബാങ്കിനും സമ്പദ്ഘടനയ്ക്കും മാത്രമായി കാണുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റം വേണം. -എം സി ഹാജി ട്രസ്റ്റ്


മൊഗ്രാൽ, ഏപ്രിൽ 19 , 2019 ● കുമ്പളവാർത്ത.കോം : ഇന്ത്യൻ സമ്പദ്ഘടനയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന പ്രവാസികളെ വോട്ടുബാങ്കിനും  പണത്തിനുമായി  മാത്രം കാണുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ മാറ്റം വേണമെന്ന് മൊഗ്രാൽ എം സി അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് യോഗം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ദേശീയ പ്രവാസി സമ്മേളനം എന്ന പേരിൽ വർഷാവർഷം ചില സമ്പന്നരായ പ്രവാസികളെ മാത്രം ആദരിക്കുകയും അവരുടെ മഹത്വത്തെ വാഴ്ത്താൻ  മത്സരിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങൾ പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗൾഫിലെ സ്വദേശിവൽക്കരണത്തിൽ ജോലി നഷ്ടപ്പെട്ട്   തിരിച്ചെത്തുന്നവരുടെ പുനരധിവാസം പോലും വേണ്ടത്ര ഗൗരവമായി കാണാൻ സർക്കാരുകൾ തയ്യാറായിട്ടില്ല. വിമാന ടിക്കറ്റ് തോന്നും പോലെ  വർധിപ്പിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകുക വഴി പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് ട്രസ്റ്റ് യോഗം കുറ്റപ്പെടുത്തി. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിക്ക് നാട്ടിലെത്തണമെങ്കിലും തിരിച്ചു പോകാനുമായി  കുറഞ്ഞത് ആറ് മാസത്തെ ശമ്പളമെങ്കിലും  വേണ്ടിവരും എന്ന അവസ്ഥയിലാണ് ഇപ്പോൾ. ഈ  വിഷയത്തിൽ ഉയർന്നു  വരുന്ന പരാതികൾ സർക്കാറുകളും രാഷ്ട്രീയ നേതൃത്വവും കണ്ടില്ലെന്ന് നടിക്കുകയാണ്.ഈ നിലപാട് തിരുത്താൻ സർക്കാരുകൾ തയ്യാറാകണമെന്നും ട്രസ്റ്റ് ബോർഡ്  യോഗം ആവശ്യപ്പെട്ടു. പ്രമുഖ പത്രപ്രവർത്തകൻ കെ  പി കുഞ്ഞിമ്മൂസയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 

യോഗം ഗൾഫ്  കമ്മിറ്റി അംഗം കെ കെ സക്കീർ ഖത്തർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം  സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം ഖാലിദ്  ഹാജി, എം എം പെർവാഡ്, ടി  സി  അഷ്റഫ് അലി, എം. മാഹിൻ മാസ്റ്റർ, പി  എം മുഹമ്മദ് ഇഖ്ബാൽ, കെ എം മുഹമ്മദ് ഹനീഫ്,എം എ ഇക്ബാൽ, പി വി അഷ്‌റഫ്‌, കെ  വി  സിദ്ദീഖ്,  മുഹമ്മദ്  ഹൂബ്ലി, എച്ച് എം കരീം, എം പി അബ്ദുൽ ഖാദർ,ബി  എ മുഹമ്മദ് കുഞ്ഞി, എം എ മുഹമ്മദ് കടവത്, അബ്ബാസ് മൊയ്‌ലാർ, എം പി മുസ്തഫ എന്നിവർ പ്രസംഗിച്ചു, എം എ മൂസ സ്വാഗതം പറഞ്ഞു.
keyword : expatriates-Only-See-vote-bank-economy-Central-State-Government-stand-Need-change-MC-Haji-Trust