അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരണത്തിന് കീഴടങ്ങി


കൊച്ചി, ഏപ്രിൽ 6 , 2019 ●കുമ്പളവാർത്ത.കോം : അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.

മർദ്ദനമേറ്റ് പത്താം ദിവസമാണ് കുട്ടി മരിച്ചത്. ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ചികിത്സ നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയെ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് മെഡിക്കൽ സംഘം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക സംഘവും കുട്ടിയെ പരിശോധിച്ചിരുന്നു. സർക്കാർ ചിലവിലാണ് ചികിത്സകൾ പുരോഗമിച്ചു വന്നിരുന്നത്.

വ്യാഴാഴ്ച കുട്ടിക്ക് ആഹാരം നൽകാൻ ശ്രമം നടത്തിയെങ്കിലും കുടലിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ അല്ലാതിരുന്നതിനാൽ അതും വിജയിച്ചില്ല. ഇന്ന് രാവിലെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

മാർച്ച് 27-നാണ് മർദ്ദനമേറ്റ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ പരിക്ക് കണ്ട് അസ്വാഭാവികത തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിച്ചു.

കുട്ടി സോഫായിൽ നിന്നും വീണ് പരിക്കേറ്റുവെന്നായിരുന്നു മാതാവിന്‍റെയും കാമുകന്‍റെയും മൊഴി. ക്രൂരമർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പിളർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ഇതോടെ ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ പോലീസ് മാതാവിനെയും സുഹൃത്ത് അരുണ്‍ ആനന്ദിനെയും കസ്റ്റഡിയിൽ എടുത്തു. പിന്നീട് ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര മർദ്ദനത്തിന്‍റെ കഥ പുറത്തുവന്നത്.

ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിൽ പ്രകോപിതനായ അരുണ്‍ ആനന്ദ് ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തല ഇയാൾ ഭിത്തിയിൽ ഇടിപ്പിച്ചെന്നും കട്ടിലിൽ നിന്നും തൊഴിച്ചു താഴെയിട്ടെന്നും പോലീസ് കണ്ടെത്തി.
keyword : died-seven-years-old-boy--under-treatment-tortured-by-mothers-lover