നാലു മണിക്കൂർ കൊണ്ട് കുഞ്ഞിനെ മംഗളൂരുവിൽ നിന്നും എറണാകുളത്തെ ആശുപത്രിയിലെത്തിച്ച ആമ്പുലൻസിന്റെ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം


എറണാകുളം, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം : നാലു മണിക്കൂർ കൊണ്ട് ഹൃദ്രോഗിയായ കുഞ്ഞിനെയും കൊണ്ട് ആംബുലൻസ്  മംഗളൂരു വിൽ നിന്നും കൊച്ചിയിലെത്തിച്ച ചാരിതാർഥ്യത്തിലാണ് ഉദുമ സ്വദശി ഹസൻ.  മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്  കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്   ആംബുലന്‍സ് പറത്താൻ ഹസൻ കാട്ടിയ മന സ്ഥൈര്യവും ആത്മാർഥതയും പരക്കെ പ്രശംസിക്കപ്പെടുകയാണ്.

നാല് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. കെ എൽ-60 - ജെ 7739 നമ്പർ  ആംബുലന്‍സിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്റെ മനസ്സില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരിഞ്ഞുമറിഞ്ഞ റോഡുകളുമെല്ലാം ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയാണ് ഈ 34 കാരന്‍..

ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടു വന്നത്. രാവിലെ 11.15 ഓടെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് നാലു മണി പിന്നിട്ടപ്പോഴാണ് അമൃതയുടെ കവാടം കടന്നത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ചികിത്സയിലുള്ളത്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.
keyword : appreciation-hero-ambulance-driver-four-hours-hospital