മൂന്ന് വയസുകാരന് ക്രൂര മർദ്ദനം ; മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്


കൊച്ചി, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായി ഏഴുവയസുകാരന്‍ ദാരുണമായി മരിച്ച സംഭവത്തിന്റെ ആഘാതം മാറുന്നതിനുമുമ്പെ സമാനമായ മറ്റൊരു സംഭവം കൂടി. ആലുവയില്‍ മൂന്നു വയസുകാരനാണ് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി ബുധനാഴ്ചയാണ് മൂന്നു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ മര്‍ദനമേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരിക്കുണ്ട്. 

തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിറുത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
keyword : Three-year-old-Cruel-torture-Case-against-parents