ബസ് മുതലാളിമാരുടെ കൊള്ള അവസാനിപ്പിക്കാൻ മംഗലാപുരം കോട്ടയം റൂട്ടിൽ രാത്രി വണ്ടി അനുവദിക്കണം റെയിൽ പാസഞ്ചേർസ് അസോസിയേഷൻ


കുമ്പള, (ഏപ്രിൽ 26, 2019, www.kumblavartha.com) ● കർണ്ണാടകയുടെ തീരദേശ മേഖലകളിൽ നിന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തേക്ക് സൗകര്യപ്രദമായ ഒരു രാത്രി വണ്ടി പോലുമില്ല. മലബാർ എക്സപ്രസ് പാതിരാക്ക് 3 മണിക്ക് എത്തുമ്പോൾ മറ്റു തീവണ്ടികളെല്ലാം അതിലും അസമയത്താണ് എത്തുന്നത് .
ഹൈക്കോടതി , കേന്ദ്ര സർവ്വകലാശാലയായ കുസാറ്റ് തുടങ്ങി ഒട്ടനവധി ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനം കൂടിയായ എറണാകുളത്തേക്ക് കാസർകോട് , മംഗലാപുരം ഭാഗത്ത് നിന്ന് നിത്യേന ഒട്ടനവധി യാത്രക്കാരുണ്ട് . കൂടാതെ ഇന്ത്യയിലെ തന്നെ വലിയ വിദ്യാഭ്യാസ ചികിത്സാ ഹബ്ബായ മംഗലാപുരത്തേക്ക് കേരളത്തിൽ നിന്ന് ഒട്ടനവധി പേർ ദിവസവും യാത്ര ചെയ്യുന്നുണ്ട് .
എന്നാൽ സൗകര്യപ്രദമായ സമയത്ത് തീവണ്ടിയില്ലാത്തതിനാൽ ആളുകൾ കൂടുതലും അമിത ചാർജ് നൽകി സ്വകാര്യ ലക്ഷ്വറി ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ ബസ് ലോബി ഈ റൂട്ടിൽ ട്രെയിൻ വരുന്നതിനെ ഫലപ്രദമായി തടഞ്ഞു ലാഭം കൊയ്യുകയാണ് .
25 ഓളം സ്റ്റേജ് കാര്യർ പെർമിറ്റുള്ള സ്വകാര്യ ലക്ഷ്യറി ബസുകൾ ഇപ്പോൾ ഉടുപ്പി/മംഗലാപുരം ഭാഗത്ത് നിന്ന് എറണാകുളം /കോട്ടയം ഭാഗത്തേക്ക് ദിവസവും ട്രിപ്പടിക്കുന്നുണ്ട്. 
എന്നാൽ മംഗലാപുരം - എറണാകുളം / കോട്ടയം രാത്രി വണ്ടിക്കുള്ള യാത്രക്കാരുടെ നിരന്തര ആവശ്യങ്ങൾ കേൾക്കപ്പെടാതെ പോവുകയാണ് . മഡ്ഗാവ് എറണാകുളം പ്രതിവാര  തീവണ്ടി മംഗലാപുരത്ത് രാത്രി പതിനൊന്നോടെ എത്തി രാവിലെ 6 മണിക്ക് എറണാകുളം എത്തുന്ന രീതിയിൽ പുനക്രമീകരിക്കുകയും മറ്റൊരു പ്രതിദിന വണ്ടി രാത്രി 10 30 ന് മംഗലാപുരം വിട്ട് വെളുപ്പിന് 5.30 ന് എറണാകുളം എത്തുന്ന രീതിയിൽ ഓടിച്ച് യാത്രക്കാരെ ബസ് കൊള്ളക്കാരിൽ നിന്ന് രക്ഷിക്കണമെന്ന് കുമ്പള റെയിൽ പാസഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് നിസാർ പെറുവാഡ് ആവശ്യപ്പെട്ടു . കേന്ദ്ര റെയിൽവെ മന്ത്രി , സംസ്ഥാന മുഖ്യമന്ത്രി , സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എന്നിവർക്ക് ഇതു സംബന്ധിച്ചു നിവേദനം നൽകി.
keyword : Start-night-train-Kottayam-mangalore-rout-demands-rail-passengers-association