മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ഒറ്റ ജീവനക്കാരനും ഹാജരില്ല; മൃതദേഹവുമായെത്തിയ പോലീസ് മോർച്ചറിക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുകിടന്നു


ഉപ്പള, ഏപ്രിൽ 15 , 2019 ●കുമ്പളവാർത്ത.കോം :  മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹവുമായി എത്തിയ പോലീസ് മണിക്കൂറുകളോളം കാത്തുനിന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായി എത്തിയ മഞ്ചേശ്വരം പോലീസാണ് മംഗല്‍പാട് താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പുറത്തുകാത്തിരിക്കേണ്ടി വന്നത്.

മോര്‍ച്ചറിക്ക് സമീപം ആംബുലന്‍സ് നിര്‍ത്തി കാത്തുനിന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു ജീവനക്കാരനെത്തി മോര്‍ച്ചറിയുടെ താക്കോല്‍ കൈമാറി. മംഗല്‍പാടി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനുശേഷം കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നല്ലാതെ കാര്യക്ഷമമായ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല. നേരത്തെയും മൃതദേഹവുമായി പോലീസ് കാത്തുനിന്ന സംഭവമുണ്ടായിരുന്നു. അന്ന് ഒരു മൃതദേഹവുമായി രാത്രി എത്തിയ പോലീസിന് നേരം പുലരുവോളം മോര്‍ച്ചറിക്ക് സമീപം കാത്തുനില്‍ക്കേണ്ടിവന്നു.

ഇത്തരത്തിലുള്ള അനാസ്ഥകള്‍ ഇവിടെ പതിവായിരിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ ആശുപത്രി വികസന സമിതിയെയും മാനേജ്‌മെന്റ് കമ്മിറ്റിയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെയും നാട്ടുകാര്‍ സമീപിച്ചിരുന്നെങ്കിലും അനുകൂലപ്രതികരണം ഉണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒരു വാച്ച്മാനെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മൃതദേഹവുമായി ആംബുലന്‍സ് എത്തിയാല്‍ മോര്‍ച്ചറിയുടെ താക്കോല്‍ വെച്ച സ്ഥലം പറഞ്ഞുകൊടുക്കുകയും സ്വയം തുറന്ന് മൃതദേഹം മോര്‍ച്ചറിയില്‍ കയറ്റിക്കോളൂ എന്നാണ് ജീവനക്കാര്‍ ചെയ്യുന്നതെന്നും ആരോപണമുണ്ട്. അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

keyword : No-staff-member-present-Mangalpady-Taluk-Hospital-police-waited-for-hours-in-front-of-mortuary-with-deadbody