കണ്ണൂർ, (ഏപ്രിൽ 27, 2019, www.kumblavartha.com) ● കണ്ണൂർ ജില്ലാജയിലിൽ ഉദ്യോഗസ്ഥർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തിനൽകി ഉറക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കമുള്ളവർ പിടിയിൽ.
വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് തലപ്പാടിയിൽനിന്നുള്ള അഷറഫ് ഷംസീർ, ചീമേനി സ്വദേശി അരുൺകുമാർ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥൻ യാദൃച്ഛികമായി കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. െഡപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർ യാക്കൂബ്, താത്കാലിക ജീവനക്കാരൻ പവിത്രൻ എന്നിവർക്കാണ് ചായയിൽ മയക്കുമരുന്ന് കലർത്തി നൽകിയത്. ജയിലിലെ അടുക്കളജോലിയുള്ളവരായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരും. രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് രാവിലെ ജയിൽ അടുക്കളയിൽനിന്ന് ചായയുണ്ടാക്കി കൊടുക്കുന്ന പതിവുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള തടവുകാർക്ക് ജയിൽ ആശുപത്രിയിൽനിന്ന് നൽകിയ നെട്രാ വൈറ്റ്, ക്യുടിപൈൻ ഗുളികകളാണ് മയക്കുമരുന്നായി ഇവർ ഉപയോഗിച്ചത്.
ചായ കുടിച്ച മൂവരും ഛർദിക്കുകയും മയങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് ഗേറ്റ് തുറന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇവർ, ഈ സമയത്ത് ഗേറ്റിനടുത്തുള്ള ടോയ്ലറ്റിലേക്കുപോയ അസി. പ്രിസൺ ഓഫീസർ ബാബുവിന്റെ മുമ്പിൽപ്പെട്ടു. എന്നാൽ, രക്ഷപ്പെടാനുള്ള ശ്രമമാണോയെന്ന് മനസ്സിലായില്ല. ഇതോടെ മൂവരും വെള്ളം തീർന്നതിനാൽ പൈപ്പ് ഓണാക്കാനെത്തിയതാണെന്ന് പറഞ്ഞ് അടുക്കള ഭാഗത്തേക്കുതന്നെ പോയി.
ഇതിനിടെ, ചായകുടിച്ച മൂന്ന് ഉദ്യോഗസ്ഥരെയും അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ ചികിത്സയും നൽകി. എന്നാൽ, ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയില്ലെന്ന് മനസ്സിലായ ജയിൽ സൂപ്രണ്ട് അടുക്കളഭാഗത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
റഫീഖ് മടിക്കുത്തിൽനിന്ന് കടലാസ് പൊതിയെടുത്ത് അതിലുണ്ടായിരുന്ന പൊടി ഉദ്യോഗസ്ഥർക്ക് നൽകേണ്ട ചായയിൽ കലർത്തുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ സംഭവം വിവരിച്ചത്.
ജയിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തടവുചാടാൻ ശ്രമിച്ചതിനും മൂന്നുപേർക്കുമെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ ജയിലിൽ പ്രത്യേക സെല്ലുകളിൽ അടച്ചു.
അറ്റകൈ ആയി മയക്കുമരുന്ന് പ്രയോഗം
ചീമേനിയിൽ അധ്യാപികയെ കൊന്ന് വീട് കൊള്ളയടിച്ച കേസിലെ പ്രതിയാണ് അരുൺകുമാർ. റഫീഖും അഷറഫും കവർച്ചക്കേസുകളിൽ റിമാൻഡിൽ കഴിയുന്നവരാണ്. കേസിൽ ആരും സഹായിക്കുകയോ ജാമ്യത്തിലെടുക്കാൻ വരികയോ ചെയ്യാത്തതിനാൽ ഒരിക്കലും രക്ഷയില്ലെന്ന തോന്നലിലാണ് രക്ഷപ്പെടാൻ പദ്ധതി തയ്യാറാക്കിയത്. മതിൽചാടി രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലായതിനാലാണ് പാറാവുകാർക്ക് ഉറക്കുഗുളിക കൊടുക്കാൻ തീരുമാനിച്ചത്. വിഷുദിവസം അതിന് ശ്രമിച്ചെങ്കിലും ചായ കുടിക്കാത്തവരായിരുന്നു അന്നത്തെ ഡ്യൂട്ടിക്കാർ എന്നതിനാൽ നടന്നില്ല.
keyword : Kannur-district-jail-employees-Drugs-Trying-jump-jail-Murder-accuse-Three-people-arrested