കുമ്പളയിലും ഉപ്പളയിലും ആവേശകരമായ കലാശക്കൊട്ട്; ഉദുമയിൽ പോലിസ് ഗ്രനേഡ് പ്രയോഗിച്ചു


കുമ്പള / കാസര്‍കോട്, (ഏപ്രിൽ 21 2019, www.kumblavartha.com) ●ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള  പരസ്യ പ്രചാരണം വൈകിട്ട് ആറിന് അവസാനിച്ചു. അവേശം അലയടിച്ച കൊട്ടിക്കലാശത്തിനാണ് കുമ്പളയും ഉപ്പളയും സാക്ഷിയായത്. കുമ്പളയിൽ വൈകിട്ട് നാലു മണി മുതൽ തന്നെ എൽ ഡി എഫ് ഉം യു ഡി എഫ് ഉം  പ്രചരണവുമായി നഗരം നിറഞ്ഞു. അനൗൺസ്മെന്റ്, പ്രസംഗം, മുദ്രാവാക്യം വിളികൾ വാദ്യഘോഷങ്ങൾ ഗാനങ്ങൾ തുടങ്ങിയവയിൽ ശബ്ദമുഖരിതമായ കൊട്ടിക്കലാശം സമാധാനപരമായി ആറു മണിക്കവസാനിച്ചു. 
ഉപ്പളയിലും ആവേശഭരിതമായിരുന്നു കൊട്ടിക്കലാശം.
എന്നാൽ തെരെ ഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കാസര്‍കോട്ട് യുഡിഎഫ് - എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായി.  ഉദുമ ടൗണില്‍ യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റമുട്ടി. പ്രവര്‍ത്തകര്‍ കല്ലേറിലും അക്രമ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടതോടെ ഇവരെ പിരിച്ചുവിടാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലാത്തി ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും നടന്നു.

ഉദുമ ടൗണില്‍ യുഡിഎഫിനും പാലക്കുന്ന് ടൗണില്‍ എല്‍ഡിഎഫിനുമാണ് കൊട്ടിക്കലാശം നടത്താന്‍ പോലീസ് സ്ഥലം വിട്ടുനല്‍കിയത്. അഞ്ച് മണിയോടെ ഇരുവിഭാഗവും ടൗണുകളില്‍ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ കുറച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉദുമ ടൗണിലേക്ക് പ്രകടനമായി എത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ച് നിന്നതിനാല്‍ ഇവര്‍ക്ക് പാലക്കുന്നിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വാക്കേറ്റവും സംഘര്‍ഷവും കല്ലേറും തടങ്ങിയത്. പോലീസ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതൊടെ കല്ലേറും അക്രമവും രൂക്ഷമായതോടെയാണ് പോലീസ് ലാത്തി ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചത്. നിരവധി പേര്‍ക്ക് നിസാര പരിക്കുണ്ട്.

കാസര്‍കോട്ട് ചെര്‍ക്കള ഭാഗത്ത് നിന്നും റോഡ് ഷോയുമായെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെയും പ്രവര്‍ത്തകരെയും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. എല്‍ഡിഎഫിന് പുതിയ ബസ് സ്റ്റാന്‍ഡും യുഡിഎഫിന് പഴയ ബസ്സ്റ്റാന്‍ഡുമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചത്. പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ പോലീസും നേതാക്കളും ഇടപെട്ട് യുഡിഎഫ് വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു.


keyword :  Exciting-end-kumbla-uppala-Police-grenade-applied