സിവിൽ സർവീസ് :ഗോത്രവർഗ മേഖലയിൽ നിന്നും ചരിത്രം സൃഷ്ടിച്ച് വയനാടിന്റെ ശ്രീധന്യ


കല്പറ്റ, ഏപ്രിൽ 6 , 2019 ●കുമ്പളവാർത്ത.കോം : സിവിൽ സർവീസ് പരീക്ഷയിൽ 410-ാം നേടി വയനാട്ടിലെ പൊഴുതന സ്വദേശി ശ്രീധന്യാ സുരേഷ് ചരിത്രത്തിലേക്ക്.  ഗോത്രവർഗമായ കുറിച്യസമുദായത്തിൽനിന്നുള്ള ശ്രീധന്യയുടെ നേട്ടം വയനാടിനാകെ അഭിമാനനിമിഷമായി. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്റെയും കമലയുടെയും മകളാണ്. മുൻകാലങ്ങളിലെ നിയമനങ്ങളുടെ രീതിവെച്ച് ഇപ്പോൾ കിട്ടിയ റാങ്കിൽ ശ്രീധന്യയ്ക്ക് ഐ.എ.എസ്. ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസ് തിരഞ്ഞെടുക്കാനാണ് ശ്രീധന്യയുടെ തീരുമാനമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിവിൽ സർവീസ് പരീക്ഷയിലൂടെ ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാവും ശ്രീധന്യ.

ആദ്യത്തെ ഐ. എ. എസുകാരി ഗോത്രവിഭാഗത്തിൽനിന്നായത് ഗോത്രമേഖലയായ വയനാടിന് ഇരട്ടിമധുരമായി. 

ബിരുദാനന്തര ബിരുദത്തിന് ശേഷം വിവിധയിടങ്ങളിൽ ജോലിചെയ്താണ് ശ്രീധന്യ പഠിക്കാൻ സമയം കണ്ടെത്തിയത്. ആദ്യ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ലക്ഷ്യംകൈവിടാതെ കഠിനാധ്വാനം തുടർന്നു. അടുക്കും ചിട്ടയുമുള്ള പഠനത്തിലൂടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ ശ്രീധന്യ.
keyword : Civil-service-created-history-Tribal-girl-sridanya-vayanad