ഇത് കഠിനാധ്വാനത്തിന്റെ നേട്ടം; സിവില്‍ സര്‍വീസ് 49-ാം റാങ്കുമായി രഞ്ജിന


ബദിയഡുക്ക, ഏപ്രിൽ 6 , 2019 ●കുമ്പളവാർത്ത.കോം : ബദിയഡുക്ക പെർഡാലയിലെ കൊച്ചുഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് ഒരു പെൺകുട്ടി. ബദിയഡുക്ക ഹോളി ഫാമിലി സ്‌കൂൾ അധ്യാപകൻ വീരാളശ്ശേരി വർഗീസിന്റെയും തുണിയമ്പ്രയിൽ തെരേസയുടെയും മകൾ രഞ്ജിന മേരി വർഗീസ് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 49-ാം റാങ്ക് നേടി.

ഐ.എഫ്.എസ്. ആണ് ആദ്യ ചോയ്‌സായി നല്കിയിരുന്നത്. രണ്ടാമത് ഐ.എ.എസും. ഉയർന്ന റാങ്കിൽപ്പെട്ടതിനാൽ ആദ്യ ചോയ്‌സ് തന്നെ കിട്ടിയേക്കും. കഴിഞ്ഞതവണ സിവിൽ സർവീസ് പരീക്ഷ പാസായി നാഗ്പുരിൽ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസിൽ ജോലിചെയ്യുകയാണിപ്പോൾ.

തമിഴ്‌നാട്ടിലെ പെരുന്തുറ കൊങ്കു എൻജിനീയറിങ് കോളേജിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത രഞ്ജിന ചെന്നൈയിൽ ഇറ്റാലിയൻ എണ്ണക്കമ്പനിയിൽ ജോലിചെയ്യുമ്പോളാണ് കൂട്ടുകാരികൾക്കൊപ്പം ആദ്യം സിവിൽ സർവീസ് പരീക്ഷ എഴുതിയത്. സോഷ്യോളജിയായിരുന്നു ഓപ്ഷണൽ. അന്ന് 16 മാർക്കിന്റെ കുറവിൽ മെയിൻ കിട്ടിയില്ല. തുടർന്ന് ജോലി ഉപേക്ഷിച്ച്, ഐ.എഫ്.എസ്. ലക്ഷ്യംവെച്ച് സിവിൽ സർവീസ് പരീക്ഷയിൽ കേന്ദ്രീകരിക്കുകയായിരുന്നു. മൂന്നാംതവണ ലക്ഷ്യംകണ്ടു.

ആന്റണി(എറണാകുളം റോയൽ സുന്ദരം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ), എലിസബത്ത് വർഗീസ്(വെറ്ററിനറി ഡോക്ടർ ചെന്നൈ) എന്നിവർ സഹോദരങ്ങളാണ്.

തളിപ്പറമ്പ് ചെമ്പന്തൊട്ടി സ്വദേശിയായ വർഗീസ് കഴിഞ്ഞവർഷമാണ് ബദിയഡുക്കയിൽ താമസമാക്കിയത്.
keyword : Civil-service-49th-rank-ranjina-achievement-of-hard-work