ബന്തിയോട്ട് യുവാവിനെ തോക്കുചൂണ്ടി വാഹനത്തിൽ തട്ടിക്കൊണ്ടുപോയി. ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി


കുമ്പള, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : ബന്തിയോട്ട് യുവാവിനെ തോക്കു ചൂണ്ടി കാറിൽ തട്ടിക്കൊണ്ടു പോയി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ബന്തിയോട്ടെ സ്വകാര്യ ആശുപത്രിക്കു സമീപം ബൊലേനോ കാറിൽ ഇരുന്ന് സംസാരിക്കുക-യായിരുന്ന സുഹൃത്തുക്കളിലൊരാളെയാണ് തട്ടിക്കൊണ്ടുപോയത്.
രാത്രി 9.30 ഓടെ ആൾട്ടോ കാറിലെത്തിയ  അഞ്ചംഗ സംഘം തോക്കു ചൂണ്ടിസുഹൃത്തുക്കളിലൊരാളെ വണ്ടിയിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ഡ്രൈവിങ് സീറ്റിലായിരുന്ന യുവാവിനെ  പിൻസീറ്റിലേക്ക് ബലമായി വലിച്ചു കയറ്റി  കാറോടിച്ച് പോവുകയായിരുന്നുവത്രെ. സംഭവം അറിഞ്ഞ കുമ്പള പൊലീസ് രണ്ട് വാഹനങ്ങളിലായി പെർമുദെ ഭാഗത്തേക്ക് കുതിച്ച  കാറുകളെ പിന്തുടർന്നു. പച്ചമ്പളയിലെത്തിയപ്പോൾ ബൊലേനോ കാറിനെ മറികടന്ന പൊലീസ് വാഹനം റോഡിന് കുറുകെയിട്ട് കാറിനെ തടഞ്ഞു.
യുവാവിനെ ഉപേക്ഷിച്ച് കാറിന്നിറങ്ങി  ഓടിയ മൂന്നു പേരിൽ  ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പച്ചമ്പള സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ  ലഭിച്ചിട്ടുണ്ട്. മുഴുവൻ  പ്രതികളെയും ഉടൻ പിടികൂടാനാകുമെന്നാണ്  പൊലീസ് കരുതുന്നത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലിസ് പറയുന്നു.
keyword : youth-kidnap-by-a-gang-in-car-from-bandiyod