അനിശ്ചിതത്വം തീർന്നു; രാഹുൽ വയനാട് മത്സരിക്കും


ന്യൂ ഡൽഹി, മാർച്ച് 31 , 2019 ●കുമ്പളവാർത്ത.കോം : ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങൾക്ക് വിരാമമിട്ട് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തന്നെ തീരുമാനിച്ചു. മുതിർന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ കൂടി മത്സരിക്കുക. കോൺഗ്രസ് വക്താവായ രന്ദീപ് സിങ് സുർജെവാലയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചർച്ച നടത്തിയിരുന്നു.


പല ഘട്ടങ്ങളായി ചർച്ച നടന്നു. പലതവണ എല്ലാവരും അഭ്യർഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടർന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാർഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്ന് ഒരുസീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തിൽ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ നേരത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുൽ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്. തുടർന്ന് ടി.സിദ്ദീഖ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ സ്ഥാനാർഥിയാകുന്ന കാര്യത്തിൽ വ്യക്തത വരുത്താൻ രാഹുൽ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിശ്ചലാവസ്ഥയിലുമായി.

സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാഹുൽ വയനാട്ടിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെ കർണാടകയിലെ ബിദാറിലും രാഹുൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളൊക്കെ നിലനിൽക്കുന്നതിനിടയിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.
keyword : uncertainty-over-Rahul-will-contest-Wayanad