വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ തീ കൊളുത്തി കൊല്ലാൻ ശ്രമം


തിരുവല്ല, മാർച്ച് 12 , 2019 ●കുമ്പളവാർത്ത.കോം : വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ യുവാവ് തീകൊളുത്തി. നടുറോഡിൽ വെച്ച് യുവതിയുടെ ദേഹത്ത് യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രാവിലെ ഒമ്പതു മണിക്ക് തിരുവല്ല ചിലങ്ക ജംങ്ഷനിലെ ബസ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
റേഡിയോളജി വിദ്യാർഥിനി റാന്നി അയിരൂർ സ്വദേശിനി കവിത വിജയകുമാറി (18) നാണ് പൊള്ളലേറ്റത്. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്. 
സംഭവത്തിൽ ബിരുദ വിദ്യാർഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു (18)വിനെ അറസ്റ്റ് ചെയ്തു. ഇയാളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്ലസ്ടു മുതൽ ഒരുമിച്ച് പഠിച്ച യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിനിടെ നിരവധി തവണ അജിൻ വിവാഹാഭ്യർഥന നടത്തി. എന്നാൽ, യുവതി ഒഴിഞ്ഞു മാറി. ഇന്നു രാവിലെ യുവതി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുമ്പിൽ അജിൻ ബൈക്കിൽ എത്തി. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് ഇയാൾ തീ കൊളുത്തുകയായിരുന്നു. 
സംഭവം കണ്ട നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ കെടുത്തി യുവതിയെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
keyword : trying-to-kill-the-fire-to-marriage-request-rejected-girl-on-road