ഹമീദെന്ന യുവ കർഷകന്റെ മണ്ണിൽ വിളയുന്നത് നൂറുമേനി


മൊഗ്രാൽ, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : വെളുപ്പിന് സുബഹി നമസ്കാരം കഴിഞ്ഞാൽ ഹമീദിന് വിശ്രമമില്ല. കുമ്പള ടെമ്പിൾ റോഡിൽ ഇലക്ട്രോണിക് ആന്റ് സർവീസ് സെന്ററിലെത്തും മുൻപ് സി. പി. സി. ആർ. ഐ യിലെ പടിഞ്ഞാറ് ഒരു ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന തറവാട് സ്ഥലത്തെ പച്ചക്കറി കൃഷിയിടത്തിലെ ജോലിയിൽ മുഴുകും. സ്കൂൾ അവധി ദിവസങ്ങളാണെങ്കിൽ ബാപ്പയെ സഹായിക്കാൻ മക്കളായ ബിലാലും ഫാതിമയുമുണ്ടാകും.
എരിയാൽ സ്വദേശിയായ ഹമീദ് ഇപ്പോൾ താമസം മൊഗ്രാൽ റഹ് മത് നഗർ ബിലാൽ മനസിലിലാണ്. തികച്ചും ജൈവവളം കൊണ്ടാണ് പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളയിക്കുന്നത്. ചീര, പയറ്, വെണ്ടക്ക, കക്കിരി, ചുരങ്ങ, കുമ്പളങ്ങ, പീര, എന്നിവയാണ് കൃഷി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പിതാവിനോടൊപ്പം കണ്ട് പിഠിച്ചതാണ് കൃഷിരീതി. 
നല്ലൊരു ടെക്നിഷൻ കൂടിയായിരുന്ന ഹമീദ് ഇപ്പോൾ മണ്ണിനേയും കൃഷിയേയും ജീവനു തുല്യം സ്നേഹിക്കുന്ന യുവ കർഷകനായി മാറിയിരിക്കുന്നു. ജൈവകൃഷി രീതിയിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞു ഈ യുവ കർഷകൻ. പിണ്ണാക്ക്, ചാണകപ്പൊടി ഉപയോഗിച്ചാണ് കൃഷി രീതി... തന്റെ സ്വന്തം ഇലക്ട്രോണിക്സ് കടയിലും മൊഗ്രാലിലെയും, കുമ്പളയിലെയും പച്ചക്കറിക്കടകളിലും വില്പനയ്ക്ക് നൽകും. അധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ടെന്ന് ഹമീദ് പറയുന്നു.ഹമീദിന്റെ  പച്ചക്കറികൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികളും സമ്മദിക്കുന്നു. മണ്ണിനെ പൊന്നാക്കി മാറ്റുന്ന ഹമീദിന്റെ കൃഷിരീതി അറിയാൻ ധാരാളം പേർ സി. പി. സി. ആർ. ഐ ഇലെ കൃഷിസ്ഥലത്ത് എത്താറുണ്ടെന്ന് ഹമീദ് പറയുന്നു. വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹമീദ് കൃഷിയിൽ താല്പര്യം കാട്ടിയതെങ്കിലും ഇപ്പോൾ അത് നല്ലൊരു വരുമാന മാർഗ്ഗവുമാണെന്ന് ഹമീദ് നമുക്ക് കാണിച്ചുതരുന്നു.
പാരമ്പര്യമായി പകർന്നു കിട്ടിയ കൃഷിയെന്ന തപസ്വയെ നെഞ്ചോട് ചേർത്ത് പിടിച്ച ഹമീദിനെ മണ്ണും കനിഞ്ഞ് അനുഗ്രഹിച്ചു എന്ന് പറയുന്നതാവും ശെരി. കൃഷിയിറക്കിയ ഒരു ഏക്കറിലും നൂറ് മേനി പച്ചക്കറികൾ വിളവ് കൊടുത്തു കൊണ്ടാണ് ഹമീദിനെ മണ്ണ് അനുഗ്രഹിച്ചത്. മണ്ണിനോടും കാർഷിക സംസ്കൃതിയോടുമുള്ള ഹമീദിന്റെ സ്നേഹവും പ്രവർത്തനവും ഇപ്പോൾ ഏറെ പ്രശംസിക്കപ്പെട്ടുകെണ്ടിരിക്കുന്നു.
ഇത്തിരി മണ്ണിൽ നിന്ന് ഒത്തിരി വിളവ് കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ രീതിയിൽ പച്ചക്കറി കൃഷി തുടങ്ങിയതെങ്കിലും ഇപ്പോൾ കൃഷി ഒരേക്കറിൽ വ്യാപിച്ചുകിടക്കുന്നു. കൃഷി സ്വയം പരീക്ഷണങ്ങളുടെതാണെന്ന് ഹമീദ് പറയുന്നു. മണ്ണിനെയറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന ഈ യുവ കർഷകന്റെ ആത്മവിശ്വാസമാണ് മുതൽ മുടക്കെന്ന് പറയുന്നു. 
നേരത്തെ വേനൽക്കാലത്ത് മാത്രമായിരുന്നു കൃഷി ചെയ്തിരുന്നതെങ്കിൽ ഇനി മഴക്കാലത്തും വെവ്വേറെ കൃഷി രീതികൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹമീദ്.

അടികുറിപ്പ് :ഹമീദ് തന്റെ കൃഷിയിടത്തിൽ
keyword : tecnician-hameed-cent-Percentage-agriculturist