ശബരിമല വിഷയം തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ഇലക്ഷൻ കമ്മീഷൻ


തിരുവനന്തപുരം, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാൽ അതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതു ചട്ടലംഘനമാണ്. സുപ്രീംകോടതി വിധിക്കെതിരെ സംസാരിക്കാൻ പാടില്ല. ദൈവത്തിന്റെയും മതത്തിന്റെയും പേരിലും വോട്ടു പിടിക്കുന്നതും ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കേസുകളുടെ വിവരം സ്ഥാനാർഥികൾ പത്രത്തിൽ പ്രസിദ്ധീകരിക്കണം. മൂന്നു തവണ പ്രധാന പത്രങ്ങളിൽ ഇക്കാര്യം പ്രസിദ്ധീകരിക്കണം. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ചതായും മീണ വ്യക്തമാക്കി. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 30 ന് അന്തിമ വോട്ടർ പട്ടിക തയാറായി. 2,54, 87, 0,11 വോട്ടർമാരാണു സംസ്ഥാനത്ത് ആകെയുള്ളത്. 1,22, 97, 403 പുരുഷന്മാർ, 1,31,11,189 സ്ത്രീകൾ, 119 ട്രാൻസ്ജെൻഡർ എന്നിങ്ങനെയാണു കണക്ക്. കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. 30,47,923 പേർ. കുറവ് വോട്ടർമാർ വയനാട്ടിലാണ്. 5,81, 245 പേർ. വോട്ടർമാർക്ക് ഇനിയും പേരു ചേർക്കാനുള്ള അവസരമുണ്ട്. കേരളത്തിൽ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് ഏപ്രിൽ നാല് വരെ ആയതിനാൽ‌ വോട്ടർ പട്ടികയിൽ മാർച്ച് 25 വരെ മാത്രമേ പേരു ചേർക്കാൻ സാധിക്കുകയുള്ളു.
ഇതിനായുള്ള 2 ലക്ഷം അപേക്ഷകൾ കൂടി പരിഗണനയിലാണ്. 24,970 പോളിങ് സ്റ്റേഷനുകളാണു സംസ്ഥാനത്ത് ആകെയുണ്ടാകുക. എല്ലായിടത്തും വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഉയർന്ന ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും മീണ മുന്നറിയിപ്പു നൽകി.
keyword : shabarimala-subjust-dont-use-to-election-campaigns-election-commission