വീടിന്റെ വെന്റിലേറ്റർ തകർത്ത് പണവും സ്വർണവും കവർന്നു


കുമ്പള, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : കുമ്പളയിൽ വീടിന്റെ വെന്റിലേറ്റർ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ പണവും സ്വർണവും കവർന്നു. കുമ്പള കണ്ടങ്കേരടുക്കയിലെ ഭജനമന്ദിരത്തിനു സമീപം താമസിക്കുന്ന  വൃന്ദ  കിണി(64) യുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കവർച്ച. വൃന്ദയുടെ മക്കളിൽ രണ്ടു പേർ പൂനയിലും ഒരാൾ ബംഗളൂരുവിലുമാണ് താമസം. വീട്ടിൽ വൃന്ദ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. 
വീടിനകത്ത്  അലമാരകൾ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഉണർന്ന വയോധിക തന്റെ മുറിയുടെ വാതിൽ അകത്തു നിന്നും പൂട്ടിയ ശേഷം  ഫോണിൽ ബന്ധുക്കളെ വിളിച്ച്  വിവരം അറിയിക്കുകയായിരുന്നു. വീടിനു പുറത്തെത്തിയ ബന്ധു വീട്ടിൽ ഒന്നിലധികം പേർ ഉള്ളതായി മനസ്സിലാക്കി  പഞ്ചായത്തംഗം രമേശ് ഭട്ടിനെ വിവരമറിയിച്ചു. ഇയാൾ സ്ഥലത്തെത്തുമ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. രണ്ട് വളകളും മോതിരങ്ങളും ഉൾപ്പെടെ ആറരപ്പവൻ സ്വർണവും ഭണ്ഡാരത്തിലെ പണവും വെളളിപ്പാത്രവുമാണ് നഷ്ടപ്പെട്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും  കണ്ടെത്താനായില്ല.
keyword : robbed-money-gold-Destroying-house-ventilator