ബായാറിലെ പൊലീസ് എയ്ഡ് പോസ്റ്റ് മുന്നറിയിപ്പൊന്നുമില്ലാതെ പൂട്ടി


മഞ്ചേശ്വരം, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : ബായാറിലെ പോലീസ് എയ്ഡ് പോസ്റ്റ് മുന്നറിയിപ്പില്ലാതെ പൂട്ടി. സംഘര്‍ഷങ്ങള്‍ക്ക് തടയിടാന്‍ ജില്ലാ പൊലീസ് മേധാവി മുന്‍കയ്യെടുത്ത്  നാട്ടുകാരുടെ സഹകരണത്തോടെയാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. വ്യക്തികളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം ശേഖരിച്ച് നാലു മാസത്തെ മുറി വാടകയും മുന്‍കൂര്‍ നല്‍കിയിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തി മേഖലയായ ബായാര്‍, പൈവളിഗെ ഭാഗങ്ങള്‍ സ്ഥിരം സംഘര്‍ഷ മേഖലയാണ്.

എയ്ഡ് പോസ്റ്റ് തുടങ്ങിയതോടെ ഇവിടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിരുന്നു. ഇതിനിടെയാണ് എയ്ഡ് പോസ്റ്റ് അടച്ചത്. ഇതോടെ അനുകൂല സാഹചര്യം മുതലെടുത്ത് കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടെയെത്തി തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. ഇവര്‍ അനാശാസ്യ- അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പു കൂട്ടുന്നതായും വിവരമുണ്ട്. ഇതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
keyword : police-aid-Post-closed-in-bayar