പ്രതിയോഗികളുടെ ചിത്രം തെളിഞ്ഞില്ല; സതീശ് ചന്ദ്രൻ പ്രചരണ രംഗത്ത് സജീവമായി


കുമ്പള, മാർച്ച് 11 , 2019 ●കുമ്പളവാർത്ത.കോം : തന്റെ എതിർ സ്ഥാനാർത്ഥികളുടെ ചിത്രം തെളിയും മുമ്പേ എൽ ഡി എഫ് ലോകസഭ സ്ഥാനാർത്ഥി കെ പി സതീശ് ചന്ദ്രൻ പ്രചരണ രംഗത്ത് സജീവമായി. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന കാസറഗോഡ് ലോകസഭ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ യുഡിഎഫിനും ബിജെപിക്കും ഇതുവരെ തീരുമാനം ആയിട്ടില്ല. യു ഡി എഫ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറും. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ സംസ്ഥാനത്ത് ബി ജെ പിയുടെ ശക്തി ദുർഗമായ കാസർകോട്ട് സംസ്ഥാന നേതൃനിരയിലുള്ള കരുത്തനായ ഒരാളായിരിക്കും സ്ഥാനാർത്ഥിയാവുക എന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. നോട്ട് നിരോധനവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാനാവാത്തതും പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. രാജ്യത്തുടനീളം രാജ്യസുരക്ഷ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ആലോചിക്കുന്ന ബി ജെ പി, സംസ്ഥാനത്ത് ശബരിമലയാണ് തെരഞ്ഞെടുപ്പ് വിഷയമാക്കുക.
കഴിഞ്ഞ രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ചു കൊണ്ടുവരാൻ യു ഡി എഫിന് സാധിച്ചിട്ടുണ്ട്. ഇത്തവണ സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമാണെന്നാണ് മുന്നണി അരിപ്രായപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയവും രാജ്യത്തുണ്ടായ രാഹുൽ തരംഗവും സാധ്യതകൾ വർദ്ധിപ്പിക്കുന്നതായി നേതാക്കൾ കരുതുന്നു. നല്ല ഒരു സ്ഥാനാർത്ഥിയെ ലഭിക്കുകയാണെങ്കിൽ അനായാസം ജയിക്കാമെന്നാണ് പാർട്ടി പ്രവർത്തകരും അഭിപ്രായപ്പെടുന്നത്.
കരുത്തനായ നേതാവാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.പി. സതീശ് ചന്ദ്രൻ. 1996 ലും 2001ലും തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു തവണ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സതീശ് ചന്ദ്രൻ എൽ ഡി എഫ് ജില്ല കൺവീനർ ആണ്. എസ് എഫ് ഐ യിലൂടെ പാർട്ടിയിലേക്ക് കടന്നു വന്ന് സംസ്ഥാന സംസ്ഥാന പ്രസിഡന്റായും പിന്നീട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കമൊപ്പം സതീശ് ചന്ദ്രൻ ഞായറാഴ്ച പ്രചരണം ആരംഭിച്ചു. പി.കരുണാകരൻ എംപി, ടി വി രാജേഷ് എം എൽ എ, എം രാജഗോപാൽ എം എൽ എ, എം അസിനാർ, കെ വി ബാബു, വി. വിജയകുമാർ, സി.വി. വി ജയരാജ് എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി. നീലേശ്വരം കോൺവെന്റ് ജങ്ഷൻ മുതൽ ബസ് സ്റ്റാന്റ് വരെയായിരുന്നു പ്രചരണ പര്യടനം. പ്രമുഖ വ്യക്തികളെക്കണ്ട് വോട്ടഭ്യർത്ഥന നടത്തി. തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിയുന്നതോടെ പ്രചരണം ഊർജ്ജിതമാക്കാനാണ് പാർട്ടിയുടെ പദ്ധതി.
keyword : picture-of-defendants-not-clear-Sathish-Chandran-active-in-publicity