കൊലക്കേസ് പ്രതി വെട്ടേറ്റ് ഗുരുതര നിലയിൽ


മഞ്ചേശ്വരം, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : കൊലക്കേസ് പ്രതിക്ക് വെട്ടേറ്റ് ഗുരുതരം. ബാളിഗെ അസീസ് വധക്കേസടക്കമുള്ള കേസുകളില്‍ പ്രതിയായ യുവാവിനാണ് വെട്ടേറ്റത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ ബായിക്കട്ട കളായിയിലെ ജയറാം നോഡ (38)യ്ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ രവിയും സംഘവും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് യുവാവിനെ വെട്ടിയതെന്നാണ് വിവരം. ഇയാള്‍ക്കു വേണ്ടി മഞ്ചേശ്വരം സി ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഉടന്‍ പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടുംബപ്രശ്നമാണ് വധശ്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊലക്കേസ്, കവര്‍ച്ചക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയറാം.
ജയറാമിനെ വെട്ടുന്നത് തടയാന്‍ ചെന്ന സഹോദരി ഭര്‍ത്താവ് ചന്ദ്രശേഖരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും സഹോദരി ഭര്‍ത്താവ് ചന്ദ്രശേഖരനുമാണ് വീട്ടിലുണ്ടായിരുന്നത്. അടക്ക വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
keyword : murder-accused-injured-critical-condition