കുമ്പള ക്ഷേത്രക്കവർച്ച; വിരലടയാളങ്ങൾ ലഭിച്ചു. പ്രതികളെക്കുറിച്ച് സൂചനകുമ്പള, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : കുമ്പള ദേശീയ പാതയോരത്തെ ശ്രീ വിട്ടല ക്ഷേത്രക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.

ക്ഷേത്രത്തിൽ വെള്ളിയാഴ്ച വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ അന്വേഷണത്തിന് സഹായകമാകുന്ന വ്യക്തമായ വിരലടയാളങ്ങൾ ലഭിച്ചതായി അറിയുന്നു. ഈ വിരലടയാളങ്ങളാണ് പ്രതികളെക്കുറിച്ച് ഒരു നിഗമനത്തിലെത്താൻ പൊലീസിന് വഴി തുറന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. വെള്ളി കൊണ്ടുള്ള പ്രഭാവലി, എലി രൂപം തുടങ്ങി നാലര ലക്ഷത്തോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്. വിരലടയാള വിദഗ്ധരെ കൂടാതെ ഡോഗ് സ്ക്വാഡും വെള്ളിയാഴ്ച ക്ഷേത്രപരിസരത്ത് പരിശോധനയ്ക്കെത്തിയിരുന്നു. നായ റോഡിലിറങ്ങി ഓടി തൊട്ടടുത്ത വീട്ടുപറമ്പിലെ കിണറിനരികിൽ നിന്നതിനാൽ തൊണ്ടിമുതൽ കിണറ്റിലിട്ട് കാണുമെന്ന നിഗമനത്തിൽ പൊലിസ് വിദഗ്ധരെ വരുത്തി കിണർ പരിശോധിച്ചിരുന്നുവെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. പ്രതികൾക്കായി പൊലിസ് ഊർജ്ജിതമായ അന്വേഷണമാണ് നടത്തി വരുന്നത്.
keyword : kumbla-temple-robbery-received-fingerprints