ഗൃഹനാഥൻ തൂങ്ങി മരിച്ചുകാസര്‍കോട്, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ്മദ് കുളങ്കരയെ (55)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
രണ്ടാഴ്ച മുമ്പ് ബൈക്ക് അപകടത്തില്‍പെട്ട് കാലിന് പരിക്കേറ്റ അഹ് മദും കുടുംബവും മകള്‍ റൈഹാനയുടെ ഉദുമയിലെ വീട്ടിലായിരുന്നു താമസം. വീട്ട് ഒഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് മാറാനായി സാധനങ്ങള്‍ മാറ്റാനായി എത്തിയതായിരുന്നു അഹ് മദും ഭാര്യ ബീവിയും. ഞായറാഴ്ച രാവിലെയാണ് ഇവര്‍ എത്തിയത്. ഇതിനിടെ അഹ് മദിനെ കാണാതാവുകയായിരുന്നു. വൈകിട്ടോടെയാണ് അഹ്മദിനെ ഓടുമേഞ്ഞ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തി കയര്‍ മുറിച്ചുമാറ്റി ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഏപ്രില്‍ ഏഴിന് അഹ് മദിന്റെ മറ്റൊരു മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഏക മകന്‍ അഫ്‌സല്‍. ഹഫ്‌സ മകളാണ്. പരേതരായ മമ്മുഞ്ഞി- ആഇശാബി ദമ്പതികളുടെ മകനാണ് അഹ് മദ്. സഹോദരങ്ങള്‍: അബ്ബാസ്, ബീരാന്‍, കരീം, ആസിയ, നബീസ, അന്തുഞ്ഞി. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ അഹ് മദിന്റെ മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
keyword : hanged-house-holder