തലപ്പാടിയിൽ ഗ്യാസ് ടാങ്കർ ചോർച്ച : ആളുകളെ ഒഴിപ്പിച്ചു: ഗതാഗതം തടസ്സപ്പെട്ടു


മഞ്ചേശ്വരം, മാർച്ച് 12 , 2019 ●കുമ്പളവാർത്ത.കോം : തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് 6.20 മണിയോടെയാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്.

മഞ്ചേശ്വരം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച നടന്ന സ്ഥലം വെള്ളം ചീറ്റി അപകടാവസ്ഥ ഒഴിവാക്കി. മംഗളൂരുവില്‍ നിന്നും റീഫില്ലിംഗ് യൂണിറ്റും സാങ്കേതിക വിദഗ്ദരും സ്ഥലത്തെത്തി ചോര്‍ച്ച അടച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനാണ് നീക്കം. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥിഗതികള്‍ പൂര്‍ണനിയന്ത്രണത്തിലാണെന്ന് മഞ്ചേശ്വരം എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചോര്‍ച്ചയുണ്ടായതോടെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. മംഗളൂരു - കാസര്‍കോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാന്‍ അഞ്ച് മണിക്കൂറെങ്കിലും എടുക്കുമെന്നും അതുകഴിഞ്ഞ് മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കിയത്.
keyword : gas-leakage-at-thalappady-Road-closed-People-evacuated