റോഡുകളിൽ സീബ്ര ലൈനുകൾ മാഞ്ഞു. മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട് യാത്രക്കാർ


കുമ്പള, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : റോഡുകളിൽ സീബ്ര ലൈനുകൾ മാഞ്ഞു പോയത് യാത്രക്കാർക്ക് മുറിച്ചുകടക്കാൻ പ്രയാസം സൃഷ്ടിക്കുന്നു. കുമ്പള ടൗണിൽ ബസ് സ്റ്റാന്റ് പരിസരത്തും ദേശീയ പാതയിൽ ബദർ ജുമാ മസ്ജിദിന് മുമ്പിലും എസ് ബി ഐ ബാങ്കിന് മുമ്പിലും റോഡിലെ സീബ്ര ലൈനുകൾ മാഞ്ഞു പോയിട്ടുണ്ട്.
ബസ് സ്റ്റാന്റിനരികിൽ ബദിയടുക്ക റോഡിലുള്ള സീബ്ര ലൈൻ ക്രോസ് ചെയ്താണ് കുമ്പള ഗവ. ഹയർ സെക്കന്ററി, ജി എസ് ബി എസ്, എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നത്. പലപ്പോഴും വലിയ ലോറികൾ ഉൾപ്പെടെ അമിത വേഗത്തിൽ പാഞ്ഞു വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നു.
ദേശീയ പാതയിൽ പള്ളിക്കു മുൻവശത്തുള്ള സീബ്ര ലൈനുകൾ അശാസ്ത്രീയമാണെന്ന് നേരത്തെത്തന്നെ ആക്ഷേപമുണ്ട്. കാസറഗോഡ് - തലപ്പാടി ദേശീയപാതയിൽ കമ്പള ടൗണിലേക്കുള്ള പാത സംഗമിക്കുന്ന സ്ഥലത്താണ് സീബ്ര ലൈനുകളുള്ളത്. ഇത് മുറിച്ചുകടക്കാൻ കാൽനടക്കാർക്ക് മൂന്ന് ഭാഗത്തു നിന്നുള്ള വാഹനങ്ങളെ ശ്രദ്ധിക്കേണ്ടി വരുന്നു എന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്. മൊഗ്രാൽ ടൗൺ ആരിക്കാടി ജങ്ഷൻ എന്നിവിടങ്ങളിലും  ദേശീയ പാതയിൽ സീബ്ര ലൈനുകൾ തീർത്തും മാഞ്ഞു പോയിട്ടുണ്ട്. 
വർഷങ്ങൾക്കു മുമ്പ് ദേശീയ പാതയിൽ ടാറിങ് ചെയ്ത സമയത്താണ് സീബ്ര ലൈനുകളും ഡിവൈഡർ ലൈനുകളും വരച്ചത്. ഇത് മാഞ്ഞു തുടങ്ങിയിട്ട് ഒരു വർഷത്തോളമായെങ്കിലും ശരിയാക്കാൻ അധികൃതർ മുമ്പോട്ടു വന്നിട്ടില്ല.

പടം : മാഞ്ഞു പോയ കുമ്പള ദേശീയ പാതയിലെ സീബ്ര ലൈനുകൾ.
keyword : erased-seabra-lines-on-road-difficut-for-passengers-to-crossing