ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; എം.എസ്.സി മൊഗ്രാല്‍ നോര്‍ത്ത് സോണ്‍ ചാംപ്യന്‍; ജില്ലാ ചാംപ്യനെ വ്യാഴാഴ്ചയറിയാംഉപ്പള, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.എസ്.സി മൊഗ്രാല്‍ സോണ്‍ ചാംപ്യന്‍മാരായി. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പിന്‍റെ ഇരുപത്തൊന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍‍ സിറ്റിസണ്‍ ഉപ്പളയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് എം.എസ്.സി മൊഗ്രാല്‍ ചാംപ്യന്‍പട്ടം കരസ്ഥയാക്കിയത്. എം.എസ്.സി മൊഗ്രാലിന്‍റെ  മുന്നേറ്റ താരം സിറാജിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.ഇന്നത്തെ മത്സരത്തിലെ ജയത്തോടെ എം.എസ്.സി മൊഗ്രാല്‍ പതിമൂന്ന് പോയിന്‍റുമായാണ് ഒന്നാമതെത്തിയത്. ബാജിയോ ഫാന്‍സ് ഉദുമ രണ്ടാം സ്ഥാനത്തും മിറാക്കിള്‍ കമ്പാര്‍-മൂന്ന്, നാഷനല്‍ കാസര്‍കോട്-നാല്, നാഷനല്‍ ചെമ്പിരിക്ക-അഞ്ച്, സിറ്റിസണ്‍ ഉപ്പള-ആറ്, ബ്ളേസ് തളങ്കര-ഏഴ് എന്നീ സ്ഥാനങ്ങളില്‍ തങ്ങളുടെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചു.

ജില്ലാ ചാംപ്യനെയറിയാനുള്ള ഫൈനല്‍ മത്സരം ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് വ്യാഴാഴ്ച നടക്കും. മത്സരത്തില്‍ നോര്‍ത്ത് സോണ്‍ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാല്‍ സൗത്ത് സോണ്‍ ചാംപ്യന്‍മാരായ വി.എസ്.സി വാഴുന്നോറടി നീലേശ്വരവുമായി ഏറ്റുമുട്ടും.
keyword : district-senior-league-football-msc-mogral-north-zone-champian