ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; എം.എസ്.സി മൊഗ്രാലിന് ‍ ജയംഉപ്പള, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ പതിനൊന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ എം.എസ്.സി മൊഗ്രാലിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് എം.എസ്.സി മൊഗ്രാല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. എം.എസ്.സി മൊഗ്രാലിന് വേണ്ടി സിറാജ് രണ്ടും രിഫായി ഒരു ഗോളും നേടി. ബ്ളേസ് തളങ്കരയുടെ ഏക ഗോള്‍ കബീറിന്‍റെ വകയായിരുന്നു. എം.എസ്.സി മൊഗ്രാലിന്‍റെ മുന്നേറ്റ താരം സിറാജിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പ് പകുതി പിന്നിട്ടപ്പോള്‍ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുമായി എം.എസ്.സി മൊഗ്രാല്‍ മുന്നിട്ടു നില്‍ക്കുന്നു. മൂന്ന് മത്സരങ്ങള്‍ കളിച്ച നാഷനല്‍ ചെമ്പിരിക്ക ആറ് പോയിന്‍റുമായി രണ്ടാം സ്ഥാനത്തും രണ്ട് മത്സരങ്ങള്‍ കളിച്ച സിറ്റിസണ്‍ ഉപ്പള നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്തും നാല് മത്സരത്തില്‍ നാല് പോയിന്‍റുമായി ബ്ളേസ് തളങ്കര നാലാം സ്ഥാനത്തും നില്‍ക്കുന്നു. മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച മിറാക്കിള്‍ കമ്പാര്‍, നാഷനല്‍ കാസറഗോഡ്, ബാജിയോ ഫാന്‍സ് ഉദുമ ടീമുകള്‍ മൂന്ന് പോയിന്‍റ് വീതമായി യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നോര്‍ത്ത് സോണ്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം സൗത്ത് സോണില്‍ ഒന്നാമതെത്തുന്ന ടീമുമായി ഫൈനലില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന ടീം ജില്ലാ ചാംപ്യന്‍പട്ടം കരസ്ഥമാക്കും.
ചാംപ്യന്‍ഷിപ്പിലെ പന്ത്രണ്ടാം ദിനമായ നാളെ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള നാഷനല്‍ കാസറഗോഡുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : district-senior-division-league-football-victory-msc-mogral