ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; 'മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി' സമനിലയില്‍; പട്ടികയില്‍ മൊഗ്രാല്‍ വീണ്ടും ഒന്നാമത്


ഉപ്പള, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനാറാം ദിനമായ ഇന്ന് നടന്ന ആവേശകരമായ 'മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി' പോരാട്ടം സമനിലയില്‍ കലാശിച്ചു. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാലും മിറാക്കിള്‍ കമ്പാറും തമ്മിലുള്ള പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. എം.എസ്.സി മൊഗ്രാലിന്‍റെ സെന്‍റര്‍ ബാക്ക് ഇസ്ഹാക്കിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
ഇന്നത്തെ മത്സരത്തിലെ മികച്ച വിജയത്തിന്‍റെ പിന്‍ബലത്തില്‍ എം.എസ്.സി മൊഗ്രാല്‍ നോര്‍ത്ത് സോണ്‍ പോയിന്‍റ് പട്ടികയില്‍ അഞ്ച് കളികളില്‍ പത്ത് പോയിന്‍റോടെ വീണ്ടും ഒന്നാമതെത്തി. അഞ്ച് കളികളില്‍ ഒമ്പത് പോയിന്‍റുള്ള നാഷനല്‍ കാസര്‍കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് കളികളില്‍ ഏഴ് പോയിന്‍റുമായി മിറാക്കിള്‍ കമ്പാര്‍ മൂന്നാം സ്ഥാനത്തും നാല് കളികളില്‍ ആറ് പോയിന്‍റുമായി നാഷനല്‍ ചെമ്പിരിക്ക നാലാം സ്ഥാനത്തും നാല് കളികളില്‍ ആറ് പോയിന്‍റുമായി ബാജിയോ ഫാന്‍സ് ഉദുമ അഞ്ചാം സ്ഥാനത്തും എത്തി നില്‍ക്കുന്നു. നാല് വീതം പോയിന്‍റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തും ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇനി നിര്‍ണായകമായ മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. 
നോര്‍ത്ത് സോണ്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം സൗത്ത് സോണിലെ ഒന്നാം സ്ഥാനക്കാരായ ഷൂട്ടേഴ്സ് പടന്നയുമായി ഫൈനലില്‍ ഏറ്റുമുട്ടും. ഉപ്പളയിലാണ് ഈ പ്രാവശ്യത്തെ ഫൈനല്‍ മത്സരം അരങ്ങേറുക.
ചാംപ്യന്‍ഷിപ്പിന്‍റെ പതിനേഴാം ദിനമായ നാളെ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള നാഷനല്‍ ചെമ്പിരിക്കയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : district-senior-division-league-football-mogral-kambar-derbi-equel-mogral-again-first-on-pattika