പട്ടികജാതി കോളനിയിലെ കുടിവെള്ള കിണർ റിപയറിംഗ് എസ്റ്റിമേറ്റ് ഓവർസിയർ പൂഴ്ത്തിവെച്ചതായി പരാതി

 

ബദിയടുക്ക, മാർച്ച് 13 , 2019 ●കുമ്പളവാർത്ത.കോം : പട്ടികജാതി കോളനിയിലെ കുടിവെള്ള കിണര്‍ റിപയറിംഗ് പദ്ധതിയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് എൽ.എസ്.ജി.ഡി ഓവർസിയർ പൂഴ്ത്തിവെച്ചതായി പരാതി. ബദിയടുക്ക പഞ്ചായത്ത് മൂന്നാം വാർഡ് ചെന്നഗുളി എസ്.സി കോളനിയിലെ സർക്കാർ കിണറിന് നീക്കിവെച്ച പദ്ധതിയാണ് പൂഴ്ത്തിയത്. കോളനി നിവാസികൾ ആശ്രയിക്കുന്ന കിണർ പ്രതിവർഷം വൃത്തിയാക്കിയാൽ വേനൽക്കാലത്ത് കുടിവെള്ളം ലഭിക്കുന്ന കിണറാണ് ഇപ്പോൾ വറ്റിവരണ്ട സ്ഥിതിയിലായത്. ഇത് മുന്നിൽ കണ്ട്  ആവശ്യങ്ങൾ നേരത്തെ തന്നെ വാർഡ് ഗ്രാമസഭയിൽ ഉൾപെടുത്തുകയും പഞ്ചായത്തിന്റെ  2018-19 ന്റെ വാർഷിക പദ്ധതിയിൽ  കിണർ റിപയറിംഗിന് 49,000 രൂപ  നീക്കിവെച്ചത്. എന്നാൽ ഇത് നടപ്പിലാക്കുന്നതിന് അഞ്ച് മാസം മുമ്പ് പഞ്ചായത്ത് ഓവർസിയർ സ്മിത നാരായണന്‍ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് എടുത്തതായി പറയുന്നു. പദ്ധതി നടപ്പിലാക്കാത്ത കാര്യം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തായത്. തുടർ പ്രവൃത്തി നടത്തിയില്ലെന്നും  ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയ ഓവര്‍സിയർ അറിയിച്ചതോടെ പട്ടികജാതി കുടുംബങ്ങള്‍ ആശങ്കയിലായി. നേരത്തെ ചെയ്ത് തീർക്കേണ്ട ജോലി  നടത്താതെ ഉദ്യോഗസ്ഥ കോളനി നിവാസികളോട് കുടിവെള്ള കാര്യത്തിൽ  ഗുരുതര വീഴ്ച്ച വരുത്തിയതായി ഇവർ ആരോപിച്ചു. ഇതിനെതിരെ നടപടി വേണമെന്നും കുടിവെള്ളം ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികൾ മേൽ ഉദ്യാഗസ്ഥർക്ക് പരാതി നൽകി. അതേ സമയം സംഭവം പരിശോധിച്ച് ആവശ്യമായ നടപടി കൈകൊള്ളുമെന്ന് ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥർ പറഞ്ഞു. ബദിയടുക്ക പഞ്ചായത്തിൽ 2017-18 സാമ്പത്തിക വർഷത്തെ 2.68 കോടി രൂപ പ്ലാന്‍ഫണ്ട് പഞ്ചായത്തിന് നഷ്ടമാക്കിയ സംഭവത്തിൽ ഇതേ ഓവർസിയർക്കെതിരെ നേരത്തെ പരാതികൾ വന്നിരുന്നു. ഇതിന് ഇടയ്ക്ക് വീണ്ടും വീഴ്ച്ചകൾ വന്നത് മേൽ ഉദ്യോഗസ്ഥർ ഗൗരവത്തോടെയാണ് കാണുന്നത്.
keyword : complaint-of-hoarding-drinking-water-repairing-estimate-overseer-in-scheduled-cast-colony