കുമ്പളയിൽ ക്ഷേത്രത്തിൽ വൻ കവർച്ചകുമ്പള, മാർച്ച് 22 , 2019 ●കുമ്പളവാർത്ത.കോം : കുമ്പളയിൽ ക്ഷേത്രത്തിൽ വൻ കവർച്ച. ദേശീയ പാതയോരത്തെ ശ്രീ വീരവിട്ടല ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. പുറത്തെ വാതിലിന്റെ പുട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ നാലര ലക്ഷത്തോളം രൂപയുടെ മുതലുകൾ കവർന്നതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ശ്രീകോവിലിന്റെ പുട്ടുപൊളിച്ച് വെള്ളിയിൽ തീർത്ത പ്രഭാവലി, പീഠം, എലി വിഗ്രഹം, എന്നിവ കൊണ്ടു പോയിട്ടുണ്ട്. പൂജയ്ക്കുപയോഗിക്കുന്ന പിച്ചളക്കിണ്ടി ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
പ്രഭാത പൂജയ്ക്ക് പുലർച്ചെ 5.30ന് നട തുറക്കാനെത്തിയ മേൽശാന്തിയാണ് കവർച്ച നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചതിനെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോഡ് നിന്നും പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രപരിസരത്തു നിന്നും മണം പിടിച്ച് ഓടിയ നായ ദേശീയ പാതയ്ക്കരികിലൂടെ ഓടി തൊട്ടടുത്ത വീടിന്റെ കിണറിന്റെ പരിസരത്ത് നിന്നു. കവർച്ച മുതലുകൾ കിണറിൽ തള്ളിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പാമ്പുപിടുത്ത വിദഗ്ധൻ സുരേഷിനെ വരുത്തി കിണർ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയതെന്ന് ക്ഷേത്രത്തിലെ സി സി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അലാറം സംവിധാനത്തിന്റെ വയർ മുറിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചാണ് കവർച്ച.
അതിനിടെ കുമ്പള ബത്തേരിയിലെ അബൂബക്കറിന്റെ പുട്ടിയിട്ട വീട്ടിലും കവർച്ച ശ്രമം നടന്നിട്ടുണ്ട്. അബൂബക്കറും ഭാര്യയും മുംബൈയിലാണ്. ഇയാളുടെ സഹോദരി ആയിഷയും ഭർത്താവ് അബ്ദുള്ളയുമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. വ്യാഴാഴ്ച അബ്ദുള്ളയുടെ കുടുംബം വീടുപൂട്ടി തറവാട് വീട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ അബ്ദുല്ല ലൈറ്റണക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത്. മച്ചിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ അലമാരയും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ച മുറിയുടെ വാതിൽ തകർക്കാൻ നടത്തിയ ശ്രമം വിജയം കണ്ടില്ല. തുടർന്ന് അടുക്കള വാതിൽ തുറന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

keyword : big-robbery-kumbla-temple