അയോധ്യാ വിഷയം മധ്യസ്ഥതക്ക്; സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയമിച്ചു


ന്യൂഡല്‍ഹി, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്കവിഷയം സുപ്രീംകോടതി മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ശ്രീ രവിശങ്കറും മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും അംഗങ്ങളാണ്.
മധ്യസ്ഥ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
മധ്യസ്ഥ സമിതിയുടെ നടപടികള്‍ നാല് ആഴ്ചകള്‍ക്കകം തുടങ്ങും. എട്ട് ആഴ്ചകള്‍ കൊണ്ട് നടപടികള്‍ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണം. സമിതിക്ക് വേണമെങ്കില്‍ പാനലില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. കൂടുതല്‍ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്ത് നല്‍കണം.
മസ്ജിദ് ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥനിയമനത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്. ഭൂമിതര്‍ക്കം സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26-ന് സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റിയിരുന്നു.
keyword : Ayodhya-subject-to-mediation-appointed-three-member-committee-by-supreme-court