കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ മൊഗ്രാലിലെ കുടിവെള്ള പദ്ധതികൾ നോക്ക് കുത്തി


മൊഗ്രാൽ, മാർച്ച് 28 , 2019 ●കുമ്പളവാർത്ത.കോം : അരക്കോടി രൂപ ചിലവിൽ 2001 മുതൽ 2016 കാലയളവിനുള്ളിൽ മൊഗാലിന്റെ വിവിധ പ്രദേശങ്ങളിൽ നിർമ്മിച്ച കൂടി വെള്ള പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ചത് കാരണം നോക്ക് കുത്തിയായി മാറുന്നു.
കൊടും ചൂടിൽ ശുദ്ധജലത്തിനായി പ്രദേശവാസികൾ പരക്കം പായുന്നതിനിടയിലാണ് രണ്ട് എസ്. സി. കോളനി അടക്കം 4 കുടിവെള്ള പദ്ധതികൾ പാതിവഴിയിലുപേക്ഷിച്ചത്. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കുമ്പള ഗ്രാമ പഞ്ചായത്തിലെ 17,18,19 വാർഡുകൾ ഉൾപ്പെടുന്ന മൊഗ്രാൽ കാടിയംകുളം, റഹ്മത്ത് നഗർ, ഖുത്ത്ബി നഗർ, ഗാന്ധിനഗർ, തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളാണ് ടാങ്ക് മാത്രം നിർമ്മിച്ച് പാതി വഴിയിലുപേക്ഷിച്ചത്.
എസ്റ്റിമേറ്റിലെ അപാകതയെന്നു പറഞ്ഞാണ് കാടിയും കുളം കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് 2003 ൽ പാതി വഴിയിൽ നിർത്തിയത്. വേണ്ടുവോളം ജലസ്രോതസ്സുള്ള പദ്ധതിയായിരുന്നു ഇത്.
ഇതേ പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റഹ് മത്ത് നഗറിൽ നിർമ്മിച്ച വാട്ടർ ടാങ്ക് പിന്നീട് ബാത്തിഷാ കുടിവെള്ള പദ്ധതിയാക്കി മാറ്റിയെങ്കിലും ഇവിടെയും ശുദ്ധജലമെത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
കൊപ്പളം ഗാന്ധിനഗറിലെ എസ്. സി കോളനിയിലെ കുടിവെളള പദ്ധതിയും വാട്ടർ ടാങ്കിലൊതുങ്ങുകയായിരുന്നു. ഇതും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചത്. ഇവിടെ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറില്ലെന്ന് കോളനി നിവാസികൾ ചൂണ്ടിക്കാട്ടിയിട്ടും ടാങ്ക് നിർമ്മിക്കുകയായിരുന്നുവത്രെ.
ബണ്ണാത്തം കടവ് എസ്. സി കോളനിയിലേക്ക് 2015-16 കാലയളവിലാണ് സർക്കാർ ഫണ്ട് മുഖേന കുടിവെള്ള പദ്ധതി കൊണ്ട് വന്നത്. ഒരു സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് ടാങ്ക് നിർമ്മിച്ചുവെങ്കിലും കോളനി നിവാസികൾക്ക് ഇതുവരെ കുടിവെള്ളം ലഭിച്ചിട്ടില്ല. പൈപ്പ് പോലും സ്ഥാപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം നിലനൽക്കെ 2014 ൽ കൃഷി ആവശ്യത്തിന് ജലസംഭരണിയെന്ന പേരിൽ കാടിയംകുളത്ത് എം. എൽ. എ ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച കുളവും നോക്ക് കുത്തിയായി നില നിൽക്കുന്നു.
ജനങ്ങൾക്ക് ഉപകരിക്കാത്ത പദ്ധതികൾ പ്രഖ്യാപിച്ച് വാട്ടർ ടാങ്ക് മാത്രം നിർമ്മിച്ച് പദ്ധതി ഉപേക്ഷിക്കുന്നത് ചിലരുടെ കീശ വീർപ്പിക്കാനാണെന്ന് നാട്ടുകാർ ആരോപിക്കുന്നു മുണ്ട്, വിഷയത്തിൽ ജില്ലാഭരണകൂടം ഇടപെട്ടു പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി  എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ എംസിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു, എം എംറഹ്മാൻ, എം എ മൂസ, വിജയകുമാർ, നാഫിഹ് മൊഗ്രാൽ, ടി കെ അൻവർ, കെ പി  മുഹമ്മദ്, ഹാരിസ് ബാഗ്ദാത്, മുഹമ്മദ് അബ്കോ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
keyword : Mogral-drinking-water-project-issues