ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; നോര്‍ത്ത് സോണില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് തകര്‍പ്പന്‍ ജയം; പട്ടികയില്‍ ഒന്നാമത്


ഉപ്പള, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പത്തൊന്‍പതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷനല്‍ ചെമ്പിരിക്കയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാജിയോ ഫാന്‍സ് ഉദുമ പരാജയപ്പെടുത്തിയത്. ബാജിയോ ഫാന്‍സ് ഉദുമയുടെ മുന്നേറ്റ താരം വിഷ്ണുവിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
ഇന്നത്തെ മത്സരത്തിലെ വിജയത്തിന്‍റെ പിന്‍ബലത്തില്‍ ബാജിയോ ഫാന്‍സ് ഉദുമ ആറ് കളികളില്‍ പന്ത്രണ്ട് പോയിന്‍റുമായി നോര്‍ത്ത് സോണ്‍ പട്ടികയില്‍ ഒന്നാം  സ്ഥാനത്തെത്തി. ബാജിയോ ഫാന്‍സ് ഉദുമയുടെ ചാംപ്യന്‍ഷിപ്പിലെ പോരാട്ടങ്ങള്‍ അവസാനിച്ചു. എം.എസ്.സി മൊഗ്രാല്‍ അഞ്ച് കളികളില്‍ പത്ത് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. എം.എസ്.സി മൊഗ്രാല്‍ ഞായറാഴ്ച നടക്കുന്ന ചാംപ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പളയെ നേരിടും. സിറ്റിസണ്‍ ഉപ്പളയെ പരാജയപ്പെടുത്താനായാല്‍ എം.എസ്.സി മൊഗ്രാലിന് സോണ്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കാം. ഇല്ലെങ്കില്‍ ബാജിയോ ഫാന്‍സ് ഉദുമ സോണ്‍ ചാംപ്യനാകും. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാഷനല്‍ കാസര്‍കോട് ഒമ്പത് പോയിന്‍റോടെ  നിലവില്‍ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ഗ്രുപ്പ് ചാംപ്യനാകാനുള്ള സാധ്യതകള്‍ അവസാനിച്ചു. ആറ് കളികളില്‍ ഒമ്പത് പോയിന്‍റോടെ നാഷനല്‍ ചെമ്പിരിക്ക നാലാം സഥാനത്തും അഞ്ച് കളികളില്‍ ഏഴ് പോയിന്‍റുമായി മിറാക്കിള്‍ കമ്പാര്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. അഞ്ച് വീതം കളികളില്‍ നാല് വീതം പോയിന്‍റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തും ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.
ബാജിയോ ഫാന്‍സ് ഉദുമക്കും എം.എസ്.സി മൊഗ്രാലിനും സോണ്‍ ചാംപ്യനാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചാംപ്യനെ അറിയാന്‍ ചാംപ്യന്‍ഷിപ്പിന്‍റെ അവസാന ദിവസമായ പതിനേഴാം തീയതി നടക്കാനിരിക്കുന്ന മത്സരം വരെ കാത്തിരിക്കേണ്ടി വരും.
നോര്‍ത്ത് സോണ്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം സൗത്ത് സോണിലെ  ചാംപ്യന്‍മാരായ വി.എസ്.സി വാഴുന്നോറടിയുമായി ഫൈനലില്‍ ഏറ്റുമുട്ടും. ഉപ്പളയിലാണ് ഈ പ്രാവശ്യത്തെ ഫൈനല്‍ മത്സരം അരങ്ങേറുക.
നോര്‍ത്ത് സോണില്‍ ഇനി രണ്ട്  മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ബ്ളേസ് തളങ്കര മിറാക്കിള്‍ കമ്പാറുമായും ഞായറാഴ്ച എം.എസ്.സി മൊഗ്രാല്‍ സിറ്റിസണ്‍ ഉപ്പളയുമായും ഏറ്റുമുട്ടും.
keyword : District-Senior-Division-league-Football-won-bajiyo-fans-udma-north-zone