ക്യാൻസർ വിമുക്ത ജില്ല ; മൊഗ്രാലിൽ എം.സി ഹാജി ട്രസ്റ്റ്‌ സംഘടിപ്പിച്ച ബോധവൽക്കരണം ശ്രദ്ധേയമായിമൊഗ്രാൽ, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : ജില്ലയുടെ ആരോഗ്യം പകയോടെ കവർന്നെടുക്കുന്ന 'ക്യാൻസർ ' എന്ന മഹാരോഗത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ജനങ്ങൾ. രോഗം നൽകുന്ന നരകയാതനകളും, ചെലവേറിയ ചികിത്സയും ജില്ലയിലെ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളുടെ ദൗർലഭ്യവും ക്യാൻസറിനെ സാധാരണക്കാരുടെ പേടി സ്വപ്നമാകുന്നു. ക്യാൻസർ ജീവിതത്തിന്റെ അന്ത്യമാണെന്ന് പലരും വിശ്വസിക്കുമ്പോൾ അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താൻ നമ്മളിൽ മിക്കവർക്കും കഴിയുന്നില്ല.. ഈ പശ്ചാതലത്തിലാണ് ജില്ലാ പഞ്ചായത്ത് 2017 ൽ 'ക്യാൻസർ വിമുക്ത ജില്ല ' പദ്ധതി പ്രഖ്യാപനം നടത്തിയതും ജില്ലയിലൊട്ടാകെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയതും.
പുകവലിക്കും, മദ്യത്തിനും, പരിസര മലിനീകരണത്തിനും അമിതമായ കീടനാശിനി ഉപയോഗത്തിനും തൊട്ടുപിന്നിലായി ഏറ്റവും കൂടുതൽ ക്യാൻസർ സൃഷ്ടിക്കുന്നത് ഭക്ഷ്യ ശൈലിയിലാണെന്ന് മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിലെ ക്യാൻസർ രോഗ വിഭാഗം തലവൻ ഡോ:ഇബ്രാഹിം പറഞ്ഞു.. മൊഗ്രാൽ എം.സി അബ്ദുൽ ഖാദർ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌ മൊഗ്രാൽ കെ.എസ് അബ്ദുള്ള സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയന്ത്രണമില്ലാത്ത ആഹാരശൈലി മൂലമുള്ള ക്യാൻസർ രോഗം ജില്ലയിൽ പെരുകുന്നതിന്റെ പ്രതേകിച്ചു കുമ്പള, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കണക്കുകൾ നിരത്തിയാണ് ഡോ: ഇബ്രാഹിം രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ച് വിശദീകരിച്ചത്.
ജില്ലയിൽ നിന്ന് പ്രതിദിനം 10 രോഗികളെന്ന നിരക്കിൽ ചികിത്സ തേടി മംഗലാപുരത്തെയും, കേരളത്തിലെ മറ്റു വിവിധ ആശുപത്രികളിലുമായി പോകുന്നുണ്ട്. ക്യാൻസർ രോഗികളുടെ മരണവും വർധിച്ചു വരുന്നുവെന്ന് കണക്കുകൾ സൂചന നൽകുന്നു. "ക്യാൻസർ മാളത്തിലൊളിച്ചൊരിക്കുന്ന പാമ്പാണ് അതിനെ പുറത്ത് കൊണ്ട് വരികയാണ് നമ്മൾ ആദ്യം ചെയ്യേണ്ടതെന്ന് " ഡോ :ഇബ്രാഹിം പറഞ്ഞു.
ക്യാൻസർ ചികിത്സയിൽ ജില്ല ഇപ്പോൾ കേരളത്തിന്റെ മൊത്തം കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുവെന്നത് ആശങ്കയുണ്ടാകുന്നു. ഈ മഹാമാരിയെ ചെറുക്കാൻ ജില്ലയിലെ ആരോഗ്യരംഗം ഉണർന്നേ പറ്റൂ. ആ വലിയ ദൗത്യത്തിന് നേതൃത്വം നൽകാനുള്ള ചുമതലകളിൽ നിന്ന് സർക്കാരും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും ഒത്തൊരുമിച് നിർണ്ണായക പങ്ക് വഹിക്കേണ്ടതുണ്ട്. സമൂഹത്തിൽ താഴെ തട്ടിൽ വരെ എത്തുന്ന തരത്തിൽ 'നാടുണർത്താലാണ് ' എം.സി ഹാജി ട്രസ്റ്റ്‌ സംഘടിപ്പിച്ച ഇതുപോലുള്ള ബോധവൽകരണ പരിപാടിയിലൂടെ ചെയ്യേണ്ടതെന്ന് ഡോ : ഇബ്രാഹിം അഭിപ്രായപ്പെട്ടു.
ജില്ലയിലെ രോഗികളിൽ വലിയഭാഗം സാധാരണക്കാരും, നിർധനരുമാണ്. തുടക്കത്തിൽ രോഗം കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകിയാൽ രോഗികളായവരിൽ വലിയൊരു പങ്കിന്റേയും ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. പക്ഷെ രോഗ നിർണ്ണയത്തിലെ കാലതാമസവും, ഫലപ്രദമായ ചികിത്സയുടെ അഭാവവും രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണ്.
ചർച്ചയിൽ ട്രസ്റ്റ്‌ ചെയർമാൻ എം.സി കുഞ്ഞഹമ്മദ് ഹാജി, വൈ: ചെയർമാൻ എം.ഖാലിദ് ഹാജി, എം.എം പെർവാഡ്, എം.മാഹിൻ മാസ്റ്റർ, ട്രഷറർ ടി.സി അഷ്‌റഫലി, ട്രസ്റ്റ്‌ ഉപദേശക സമിതി ചെയർമാൻ ടി.സി എം ശരീഫ് മാംഗ്ലൂർ, എം.സി അക്ബർ പെർവാഡ്, എം.സി യഹ്‌യ, ഫസീല അബ്ബാസ്, നസീമ അബ്ദുൽ ഖാദർ, ഗഫൂർ ലണ്ടൻ, അബ്ദുൽ റഹിമാൻ ഫോറസ്ററ്, ഹമീദ് പെർവാഡ്, കെ.കെ സക്കീർ ഖത്തർ, യൂസുഫ് ഹാജി, അബ്ദുൽ റസ്സാഖ്, വി.വി അബ്ബാസ് മൊയ്‌ലാർ, എം.പി അബ്ദുൽ ഖാദർ, എച്ച്.എം കരീം, ബി.എ മുഹമ്മദ്‌ കുഞ്ഞി, എം.എ മൂസ, എം.പി മുസ്തഫ, എം.എ ഇഖ്ബാൽ, പി.വി അൻവർ, അബ്ദുൽ റഹിമാൻ ബദരിയ്യ, എം.എ മുഹമ്മദ്‌ മാഷ്, അഷ്‌റഫ്‌ പെർവാഡ്, റിയാസ് മൊഗ്രാൽ, എം.എം റഹ്‌മാൻ, ശരീഫ് ഗല്ലി, ലത്തീഫ് തവക്കൽ എന്നിവർ സംബന്ധിച്ചു.
തുടക്കത്തിൽ തന്നെ ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധനകൾ നടത്താനും, പരിസ്ഥിതി മലിനീകരണം പ്രതേകിച് പ്ലാസ്റ്റിക് കത്തിക്കുന്നതുൾപ്പടെയുള്ളവ തടയാനും, ജനങ്ങളെ ബോധവൽക്കരണ പരിപാടിയിലൂടെ പ്രേരിപ്പിക്കണം. കൃത്യ സമയത്ത് രോഗം കണ്ടെത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ജില്ലയിൽ ലഭ്യമാക്കണം.നമുക്ക് ദൈവം കനിഞ്ഞു നൽകിയ ആയുർ ദൈർഘ്യത്തെ അകാലത്തിൽ കവർന്നെടുക്കാൻ ക്യാൻസറിന് അനുവദിച്ചു കൊടുക്കരുതെന്നും ഡോ: ഇബ്രാഹിം നിർദ്ദേശിച്ചു.
ഫോട്ടോ അടിക്കുറിപ്പ് :- മൊഗ്രാൽ എം.സി ഹാജി ട്രസ്റ്റ്‌ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ പരിപാടിയിൽ ക്യാൻസർ രോഗ വിദഗ്ദൻ ഡോ: ഇബ്രാഹിം യേനപ്പോയ മുഖ്യ പ്രഭാഷണം നടത്തുന്നു.
keyword : Cancer-free-district-notable-Awareness-organized-by-MC-Haji-Trust-in-mogral