കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; നാളെ ജില്ലയിൽ ഹര്‍ത്താല്‍കാസര്‍കോട്, ഫെബ്രുവരി 17 ,2019 ● കുമ്പളവാർത്ത.കോം : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്ലിയേട്ടു സ്വദേശികളായ കൃപേഷ് (24), ശരത്‌ലാലിൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞു നിർത്തി തുരുതുരെ വെട്ടുകയായിരുന്നു. കൃത്യത്തിനു ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
കൃപേഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരിച്ചത്.
നേരത്തെ സ്ഥലത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയിൽ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
keyword : two-youth-congress-activist-were-hacked-tomorrow-harthal-in-the-district