തുളു ഭവന് വോർക്കാടിയിൽ സ്പീക്കർ ശ്രീരാമ കൃഷ്ണൻ ശിലാസ്ഥാപനം നടത്തി


കാസര്‍കോട്, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : തുളു സാംസ്കാരിക കേന്ദ്രം തുളു ഭവന്റെ തറക്കല്ലിടൽ കർമ്മം വോർക്കാടിയിൽ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷമായ തുളു ജനവിഭാഗത്തിന്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരം ദുര്‍ഗ്ഗിപ്പള്ളത്ത് സാംസ്‌കാരിക കേന്ദ്രം വരുന്നു. തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി കേരള തുളു അക്കാദമിയുടെ നേതൃത്വത്തിലാണ് തുളുഭവന്‍ ഉയരുന്നത്.
തുളു ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തുളുഭവന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ തുളുനാടിന്റെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുമെന്നും അധ്യക്ഷത വഹിച്ച പി കരുണാകരന്‍ എം പി പറഞ്ഞു. പറഞ്ഞു.
തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ പദ്ധതി വിശദീകരണം നടത്തി. 2007ല്‍ സ്ഥാപിതമായ കേരള തുളു അക്കാദമിക്ക് മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ വില്ലേജിലെ ദുര്‍ഗ്ഗിപ്പള്ളയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് തുളുഭവന്‍ നിര്‍മ്മിക്കുന്നത്. തുളു ഭാഷയുടെയും സംസ്‌കാരത്തിന്റെയും സമുദ്ധാരണത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട തുളു അക്കാദമിയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുളുഭവന്‍ ഊര്‍ജം പകരും.
തുളു അക്കാദമിയുടെ ത്രൈമാസികയായ തെമ്പരെയുടെ പ്രകാശനം മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. തുളു-മലയാള ഭാഷാ നിഘണ്ടു രചയിതാവ് ഡോ. എ എം ശ്രീധരന്‍, തുളു ഭാഷാ ഗവേഷക ലക്ഷ്മി ജി പ്രസാദ്, തുളു സാഹിത്യകാരന്‍ മലാര്‍ ജയറാം റൈയെ പ്രതിനിധീകരിച്ച് എത്തിയ മകള്‍ സായിഭദ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ജയലക്ഷ്മി, തഹസില്‍ദാര്‍ പി ജോണ്‍വര്‍ഗീസ്, പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം എ പി ശൈലജ ബാലകൃഷ്ണന്‍, ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ത, തുളു അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവള, കാസര്‍കോട് തുളുക്കൂട്ടം പ്രതിനിധി അഡ്വ. അഡൂര്‍ ഉമേശ് നായ്ക്ക്, പാര്‍ത്ഥിസുബ്ബ യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റ് ജയറാം മഞ്ചത്തായ, കന്നഡ സാഹിത്യ പരിഷത്ത് എസ് വി ഭട്ട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി ജ്യോതിപ്രഭ, ഭാരത് ഭവന്‍ എക്‌സിക്യുട്ടീവ് മെംബര്‍ എം ശങ്കര്‍ റൈ മാസ്റ്റര്‍, ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി പ്രോഗ്രാം യോജന അധികാരി എം ചേതന എന്നിവര്‍ സംസാരിച്ചു.
ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് തുളു സാഹിത്യ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും തുളുനാട്ടിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.
keyword : thulubhavan-foundationstone-laid-by-speakesreeramakrishnan-at-vorkady