കാശ്മീരിൽ ഭീകരാക്രമണം : 40 സൈനികർക്ക് വീരമൃത്യു




ശ്രീനഗര്‍, ഫെബ്രുവരി 14 ,2019 ● കുമ്പളവാർത്ത.കോം : ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
keyword : terrorist-attack-in-kashmir-40-soldies-died