ശബരിമല സ്ത്രീ പ്രവേശനം സി പി എം സ്പോൻസേഡ് പരിപാടിയായിരുന്നുവെന്ന് പി പി മേരി വർഗീസ്
കുമ്പള, ഫെബ്രുവരി 04 ,2019 ● കുമ്പളവർത്ത.കോം : ശബരിമല സ്ത്രീ പ്രവേശനം സി പി എം സ്പോൻസേർഡ് പരിപാടിയായിരുന്നുവെന്ന് മഹിള കോൺഗ്രസ് നേതാവ് പി പി മേരി വർഗീസ്. കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയ്ക്ക് കുമ്പളയിൽ സ്വീകരണം നൽകുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭക്തരായ സ്ത്രീകളാരും ശബരിമലയിൽ പ്രവേശിച്ചിട്ടില്ലെന്നും എന്നാൽ പ്രവേശിച്ച ചില സ്ത്രീകൾ ഭക്തരായിരുന്നില്ലെന്നും പ്രവേശനം സി പി എം ചെയ്യിച്ചതാണെന്നും അവർ ആരോപിച്ചു.

നീതി ആയോഗ് അധ്യക്ഷൻ, റിസർവ്വ് ബാങ്കിന്റെ തലപ്പത്തിരിക്കുന്നവർ, നാല്സുപ്രീം കോടതി ജഡ്ജിമാർ എന്നിവർ തത്സ്ഥാനങ്ങൾ ഒഴിഞ്ഞു പോയതിന്റെ കാരണങ്ങൾ കേന്ദ്രം ജനങ്ങളോട് പറയണമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാക്കിസ്ഥാൻ അധികാരികളുടെ ജന്മദിനത്തിൽ പങ്കെടുത്ത് ചായ കുടിച്ച് പോരാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച് വീര ചരമം പ്രാപിച്ച സൈനികരുടെ വീടുകൾ സന്ദർശിക്കാൻ സമയം കിട്ടിയില്ലെന്നും നേതാക്കൾ ആരോപിച്ചു. സമസ്ത മേഖലകളിലും പരാജയപ്പെട്ട രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് പ്രധാനമന്ത്രിയെന്നും നേതാക്കൾ പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സാമിക്കുട്ടി, ഷാനിമോൾ ഉസ്മാൻ , കെ സി അബു, പി സി വിഷ്ണുനാഥ്, ബെന്നി ബെഹനാൻ, എ എ ഷുക്കൂർ, ലതിക സുഭാഷ്, അജയ് തറയിൽ, കർണാടക മന്ത്രി യു ടി ഖാദർ, ഹക്കീം കുന്നിൽ, എം സി ഖമറുദീൻ, സുരേഷ് കുമാർ, സുന്ദര ആരിക്കാടി, ഹർഷാദ് വൊർക്കാടി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. പുത്തിഗെ പഞ്ചായത്തിൽ ഡി വൈ എഫ് ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ലത്തീഫ് പള്ളത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു.


keyword : shabarimala-womansentry-cpmsponsoredprogram-ppmeryvargees