സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതിതിരുവനന്തപുരം, ഫെബ്രുവരി 08 ,2019 ●കുമ്പളവർത്ത.കോം : സീറ്റൊഴിവുണ്ടങ്കിലും സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.

ബസില്‍ സീറ്റുണ്ടെങ്കിലും പലപ്പോഴും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ഇത് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധന നടത്തിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യ ബസ് ഓപറേറ്റഴ്‌സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന ചാര്‍ജ് ഇളവ് വാങ്ങി യാത്ര ചെയ്യുന്ന കുട്ടികളെ സ്വകാര്യ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വാര്‍ത്തയും ചിത്രവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്. സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികള്‍ സീറ്റൊഴിവുണ്ടായിട്ടും നില്‍ക്കുന്നതാണ് ചിത്രത്തിലുണ്ടായിരുന്നത്.

സ്വകാര്യ ബസുടമകളുടെ ഹരജി സര്‍ക്കാറിന്റെ വിശദീകരണം ലഭിക്കാത്തതിനാല്‍ പരിഗണിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്ന് ആ ഹരജി വിളിച്ചു വരുത്തിയ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേയും ഡി.ജി.പിയേയും സ്വമേധയാ കക്ഷി ചേര്‍ത്തു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേസ് വീണ്ടും ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും.
keyword :notallowingstudentstosit-inprivatebus-highcourttoinvestigate