"കുമ്പള റെയിൽവേ സ്റ്റേഷനെ ടെർമിനൽ ആയി വികസിപ്പിക്കണം"കുമ്പള, ഫെബ്രുവരി 17 ,2019 ● കുമ്പളവാർത്ത.കോം : കണ്ണൂരിൽ അവസാനിപ്പിക്കുന്ന തീവണ്ടികൾ കാസർക്കോട്ടേക്ക് നീട്ടണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യം വടക്കേ ജില്ലാ ആസ്ഥാനത്ത് ആവശ്യത്തിന് സ്ഥലമില്ലെന്ന കാരണത്താൽ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ റെയിൽവേക്ക് 35 ഓളം ഏക്കർ സ്ഥലം സ്വന്തമായുള്ള കുമ്പളയെ ഒരു ടെർമിനൽ സ്റ്റേഷനായി വികസിപ്പിക്കമെന്ന് കുമ്പള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിൽ ദേശീയ പാതയിൽ നിന്ന് നേരിട്ട് കയറിച്ചെല്ലാവുന്ന ഒരേയൊരു സ്റ്റേഷനായ കുമ്പളയിൽ വെറും മൂന്നു ജോഡികൾ വീതം എക്സ്പ്രസ് , പാസഞ്ചർ ട്രെയിനുകൾ മാത്രമേ നിർത്തുന്നുള്ളുവെങ്കിലും പ്രതിമാസം 9 ലക്ഷം രൂപ സ്റ്റേഷനിൽ മാത്രം ക്യാഷ് വരുമാനമായി ലഭിക്കുന്നുണ്ട്. കാസർകോട് നഗരത്തിന്റെ വടക്കേയറ്റത്തുള്ളവർ മുതൽ ഹൊസങ്കടി വരെയുള്ളവർ സൗകര്യപ്രദമായി കാണുന്നത് ഈ സ്റ്റേഷനെയാണ്. രാവിലെ 300ൽ പരം വിദ്യാർത്ഥികളും ബിസിനസ്സുകാരുമുൾപ്പെടെയുള്ളവർ മംഗലാപുരത്തേക്ക് യാത്ര ചെയ്യാനുണ്ടെങ്കിലും ഒമ്പതു മണിക്ക് മുമ്പ് എത്തിച്ചേരുന്ന ഒരു ട്രെയിൻ മാത്രമാണ് ഏവർക്കും ആശ്രയം . ആയതിനാൽ മാവേലി എക്സ്പ്രസ് കുമ്പളയിൽ നിർത്തണം .

അശാസ്ത്രീയമായ ഡ്രെയിനേജ് നിർമ്മാണം കാരണം മഴക്കാലത്ത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വെള്ളം കയറുന്നുണ്ട്. പ ഞ്ചായത്തുമായി സഹകരിച്ച് റെയിൽവേ ഇതിന് പരിഹാരം കാണണം. അമ്പതോളം വാഹനങ്ങൾ നിർത്തിയിടുന്ന സ്റ്റേഷൻ കോമ്പൗണ്ടിൽ വണ്ടികൾ കളവ് പോയ അനുഭവങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ പേ പാർക്കിംഗ് ഏർപ്പാട് ചെയ്യണം. റെയിൽവേക്ക് അധിക വരുമാനവും ലഭിക്കും .

ഈ മാസം സന്ദർശനത്തിന് വരുന്ന ദക്ഷിണ സോൺ ജനറൽ മാനേജരെ കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചു. കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പോകുന്ന രോഗികൾക്ക് കൂടി ഉപയോഗപ്പെടുന്ന സ്റ്റേഷനടുത്തുള്ള ബസ് സ്റ്റോപിൽ ലിമിറ്റഡ് സ്റ്റോപ് ബസുകൾ നിർത്തി കിട്ടാൻ കെ.എസ്. ആർ ടി.സി. അധികൃതരെ കണ്ട് നിവേദനം നൽകുവാനും തീരുമാനിച്ചു.

യോഗത്തിൽ നിസാർ പെർവാട് അധ്യക്ഷത വഹിച്ചു . ഭാരവാഹികളായി നിസാർ പെർവാട് (പ്രസിഡന്റ്), അഡ്വ.ഉദയകുമാർ (സെക്രട്ടറി), നാസർ (ട്രഷറർ) , സത്താർ ആരിക്കാടി (വൈസ് പ്രസിഡന്റ്), അബ്ദുല്ലത്തീഫ് കുമ്പള (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.ഉദയകുമാർ സ്വാഗതവും നാസർ സ്വാഗതവും പറഞ്ഞു.
keyword : kumbla-railway-station-shouldbe-developed-asa-terminal