"കണ്ണൂർ - മംഗളൂറു മെമു സർവീസ് ആരംഭിക്കണം" എം.പി


കാസർകോട‌്, ഫെബ്രുവരി 20,2019 ● കുമ്പളവാർത്ത.കോം : ഷൊർണൂർ–- മംഗളൂരു റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയായതിനാൽ കണ്ണൂർ –- മംഗളൂരു മെമു സർവീസ‌് ആരംഭിക്കണമെന്ന‌് പി കരുണാകരൻ എംപി ആവശ്യപ്പെട്ടു. കണ്ണൂരിൽ നിർത്തിയിടുന്ന നാലു വണ്ടികൾ മംഗളൂരുവിലേക്ക‌് നീട്ടണം.  ഇവ രണ്ടും സാധ്യമായാൽ ഉത്തരമലബാറിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന യാത്രാ പ്രശ‌്നത്തിന‌് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക‌് നൽകിയ നിവേദനത്തിൽ അദ്ദേഹം പറഞ്ഞു. കാസർകോട‌് റെയിൽവേ സ‌്റ്റേഷനിൽ സുരക്ഷാ പരിശോധനയ‌്ക്കെത്തിയ ജനറൽ മാനേജർ ആർ കെ കുൽക്ഷേത്രയുമായി ഉത്തരമലബാറിന്റെ റെയിൽവേ ആവശ്യങ്ങൾ സംബന്ധിച്ച‌് എംപി ചർച്ച നടത്തി. അന്ത്യോദയ, രാജധാനി എക‌്സ‌്പ്രസുക‌ൾക്ക‌് കാസർകോട്ടും ഗാന്ധിധാം എക‌്സ‌്പ്രസിന‌് കാഞ്ഞങ്ങാട്ടും സ‌്റ്റോപ്പ‌് അനുവദിച്ചതിൽ എംപി നന്ദി പറഞ്ഞു. അന്ത്യോദയ എക‌്സ‌്പ്രസ‌ിന‌് എ ക്ലാസ‌് സ‌്റ്റേഷനുകളായ കാഞ്ഞങ്ങാട്ടും പയ്യന്നൂരും സ‌്റ്റോപ്പ‌് അനുവദിച്ചാൽ അത‌് റെയിൽവേക്കും യാത്രക്കാർക്കും ഒരുപോലെ സഹായകരമാകും. ഇത‌്  പ്രതിദിന വണ്ടിയാക്കണം.  ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകണം. ബൈന്തൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ നിർത്തിയ തീരുമാനം പുനഃപരിശോധിച്ച‌്  ഗുരുവായൂർ–- ബൈന്തൂർ റൂട്ടിൽ സർവീസ‌് ആരംഭിക്കണം. 
റെയിൽവേയുമായി ബന്ധപ്പെട്ട‌ നിരവധി നിവേദനങ്ങൾ പലതവണയായി ബോർഡിനും മന്ത്രാലയത്തിനും നൽകിയിട്ടുണ്ട‌്. അവയിൽ പലതും നടപ്പാകാനുണ്ട‌്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ മലബാറിന്റെ വികസനത്തിൽ വൻ കുതിപ്പുണ്ടാവുകയാണ‌്. അതിനാൽ റെയിൽവേ പദ്ധതികളിലും അതിനനുസരിച്ച‌് മാറ്റങ്ങൾ വരണം. കുമ്പളയിൽ റെയിൽവേക്കു സ്വന്തമായി ഏറെ സ്ഥലമുള്ളതിനാൽ ഇവിടെ ടെർമിനൽ ആരംഭിക്കണം.

പരശുറാം എക‌്സ‌്പ്രസിന‌് ചെറുവത്തൂരിൽ സ‌്റ്റോപ്പ‌് അനുവദിക്കണമെന്ന ആവശ്യത്തിന‌് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. പരശുറാം എക‌്സ‌്പ്രസിന‌്  കോട്ടിക്കുളത്ത്‌ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. പരശുറാം എക‌്സ‌്പ്രസിലെ വെട്ടിക്കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കണം. നീലേശ്വരത്ത‌് ഇന്റർസിറ്റി എക‌്സ‌്പ്രസിന‌് സ‌്റ്റോപ്പ‌് അനുവദിച്ച തീരുമാനം ഉടൻ നടപ്പാക്കണം. ഏറനാട‌് എക‌്സ‌്പ്രസിന‌് പഴയങ്ങാടിയിലും എഗ‌്മൂർ എക‌്സ‌്പ്രസിന‌് തൃക്കരിപ്പൂരും മംഗളൂരു എക‌്സ‌്പ്രസിന‌് ബേക്കൽ ഫോർട്ട‌് സ‌്റ്റേഷനിൽ ഇരുഭാഗത്തേക്കും സ‌്റ്റോപ്പ‌് അനുവദിക്കണം. ചാത്തങ്കൈ, കോട്ടിക്കുളം, കുഞ്ഞിമംഗലം, ഏഴിമല റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഉടൻ തുടങ്ങണം. 
കാസർകോട‌് സ‌്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ‌്ഫോമുകളുടെയും  നിർദിഷ്ട കാഞ്ഞങ്ങാട‌് സ‌്റ്റേഷൻ  വികസനവും ഉടൻ യാഥാർഥ്യമാക്കണം. ഉപ്പള സ‌്റ്റേഷനിൽ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ചതിനാൽ ഇവിടെ സമഗ്ര വികസനം വരുത്തണം. മഞ്ചേശ്വരം താലൂക്കിന്റെ ആസ്ഥാനമെന്ന പ്രത്യേകതയും ഉപ്പളയ‌്ക്കുണ്ടെന്ന‌് എംപി പറഞ്ഞു. പള്ളിക്കര, നീലേശ്വരം, ചന്തേര സ‌്റ്റേഷനുകളിലെ പ്ലാറ്റ‌്ഫോമുകൾ ഉയർത്തണമെന്നും എംപി ആവശ്യപ്പെട്ടു.
കുമ്പള റെയിൽവേ പാസഞ്ചേർസ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും കാസർഗോഡ് എത്തിയ ദക്ഷിണ റെയിൽവേ ജെനറൽ മാനേജർക്ക് നിവേദനം നൽകി. റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കുമ്പള പാസഞ്ചർ അസോസിയേഷൻ പ്രതിനിധികളായ അഡ്വ.ഉദയകുമാർ, അഹ് മദ് അലി കുമ്പള, അബ്ദുല്ലത്തീഫ് കുമ്പള എന്നിവരും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാരായ വിക്രം പൈ, സത്താർ ആരിക്കാടി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.keyword : kannur-manglur-memu-service-must-be-started