മിന്നൽ ഹർത്താൽ : എല്ലാ നഷ്ടങ്ങൾക്കും ഡീൻ കുര്യാക്കോസിൽ നിന്നും തുക ഈടാക്കണം; ജില്ലയിലുണ്ടായ നഷ്ടങ്ങൾക്ക് ഖമറുദ്ദീനും ഗോവിന്ദൻ നായരും പരിഹാരം നൽകണം; :- ഹൈക്കോടതികൊച്ചി, ഫെബ്രുവരി 22,2019 ● കുമ്പളവാർത്ത.കോം : കാസർകോട് ഇരട്ടക്കൊലപാതകത്തെത്തുടർന്ന് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.
മിന്നൽ ഹർത്താലിലെ എല്ലാ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിചേർക്കണം. ഹർത്താലിൽ കാസർകോട്ടുണ്ടായ നഷ്ടം യുഡിഎഫ് നേതാക്കളായ കമറുദ്ദീൻ,ഗോവിന്ദൻ നായർ എന്നിവരിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർത്താലിൽ ഉണ്ടായ നഷ്ടം കണക്കാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസിലും ഡീൻ കുര്യാക്കോസിനെ പ്രതിചേർക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
ഹർത്താൽ നഷ്ടം കണക്കാക്കി സർക്കാർ നൽകുന്ന റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇതുപരിശോധിക്കാൻ കമ്മീഷനെ രൂപീകരിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ കമ്മീഷനായിരിക്കും ഒരോരുത്തരിൽ നിന്നും ഈടാക്കേണ്ട നഷ്ടപരിഹാരം കണക്കാക്കി അത് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ഡീൻ കുര്യാക്കോസിന് പുറമെ കാസർകോട് ഡിസിസി നേതാക്കളായ എം.സി. കമറുദ്ദീനും ഗോവിന്ദൻ നായരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. മിന്നൽ ഹർത്താൽ നിരോധിച്ച വിവരം അറിഞ്ഞില്ലായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുക്കാതെയാണ് കോടതിയുടെ നടപടി. ഡീൻ കുര്യാക്കോസ് അഭിഭാഷകനും നിയമം അറിയാവുന്നയാളും അല്ലെ എന്ന് കോടതി ചോദിച്ചു. എന്നാൽ നിയമപഠനം പൂർത്തിയാക്കിയെങ്കിലും സന്നതെടുക്കുകയോ അഭിഭാഷകനായി ജോലി നോക്കുകയോ ചെയ്യുന്നില്ല എന്നാണ് ഡീൻ കുര്യാക്കോസിന് വേണ്ടി ഹാജരായ അഡ്വ. ദണ്ഡപാണി കോടതിയെ അറിയിച്ചത്.
keyword : harthal-deen-kuriakose-tocompensate-for-all-loses-kamaruddeen-and-govindiannair-liableforlossinksd