എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുരിതബാധിതരുടെ സങ്കടയാത്ര; ചര്‍ച്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്



കാസറഗോഡ്, ഫെബ്രുവരി 03 ,2019 ● കുമ്പളവർത്ത.കോം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുന്നു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. ഇതോടെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് സങ്കടയാത്ര നടത്തുന്നത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിലാണ്.

കാസര്‍കോട്ടെ ഒപ്പുമരചുവട്ടിലും സമരം

കാസറഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാസര്‍കോട് ഒപ്പ്മരച്ചുവട്ടില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും സത്യാഗ്രഹ സമരം നടത്തുന്നത്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഒപ്പുമരച്ചുവട്ടിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി.
keyword :endosulfan-sadjourney-victim-tocmsresidence