മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിച്ചു

കാസറഗോഡ്, ഫെബ്രുവരി 03 ,2019 ● കുമ്പളവർത്ത.കോം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. 1905 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്നും നഷ്ടപരിഹാരം നല്‍കുന്നതിന് അതിരുകള്‍ ബാധകമാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. റവന്യൂമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ നടപ്പാക്കും. മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തവരെ നേരിട്ടും മറ്റുള്ളവരെ വൈദ്യപരിശോധനയ്ക്ക് ശേഷവും പട്ടികയില്‍ ഉള്‍പ്പെടുത്തും. തുടര്‍നടപടിക്ക് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.


സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തിയിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തക ദയാബായിയും നന്ദി പറഞ്ഞു.
keyword : discussionsucces-withchiefminister-strikeended-endosulfanwictims