തലപ്പാടി ടോൾ ബൂത്തിലെ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ


ഉപ്പള, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : 50 ശതമാനം പോലും പണി പൂർത്തിയാകാത്ത തലപ്പാടി ടോൾ ബൂത്തിലെ അനധികൃത പണപ്പിരിവും ഗുണ്ടായിസവും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർഗോഡ് ജില്ലാ ഉപാദ്യക്ഷൻ മെഹമൂദ് കൈകമ്പ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രോഗിയുമായി പോയ ആംബുലൻസ് ടോൾ ബൂത്തിൽ തടഞ്ഞ സംഭവത്തിലെ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർക്ക്‌ അയച്ച ഇമെയിൽ സന്ദേശത്തിൽ ആവശ്യപെട്ടിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ധ്വംസനം നടക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുന്ന അവസ്ഥ നിത്യസംഭവമാണ്. കുടുംബമായി സഞ്ചരിക്കുന്നവർക്ക്‌ പോലും ഭീഷണിയായി മാറിയ ഇത്തരം തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ സമര പരിപാടിക്ക്‌ സംഘടന നേതൃത്വം നൽകുമെന്നും മെഹമൂദ് കൈകമ്പ പ്രസ്താവനയിൽ അറിയിച്ചു.
keyword :agitation-Ifyoudonotendthetollboothsgoonday-humanrightsprotectionmission