കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടി; അലോക് വർമ്മ വീണ്ടും സി.ബി, ഐ തലപ്പത്ത്

Alok-Vermaന്യൂഡല്‍ഹി ജനുവരി 08.2018 ● സിബിഐ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. ആലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയ്ക്ക് സിബിഐ ഡയറക്ടറായി തുടരാം. ഡയറക്ടറെ മാറ്റാന്‍ ഉന്നതതല സമിതിയുടെ അനുമതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ആലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്തെത്തും. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ കേന്ദ്ര നടപടി കോടതി റദ്ദാക്കി. എന്നാല്‍ ആലോക് വര്‍മയ്ക്ക് തല്‍ക്കാലം നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും വിധിയിലുണ്ട്. 

ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് ആലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ആലോക് വർമ അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച ഉത്തരവു നിലനിൽക്കില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ ഫാലി എസ്. നരിമാൻ വാദിച്ചു. 1997 ൽ സുപ്രീം കോടതി വിനീത് നാരായൺ കേസിൽ നൽകിയ വിധിയിൽ, സിബിഐ ഡയറക്ടർക്ക് 2 വർഷ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. 2014 മുതൽ ഡയറക്ടറെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ്. സ്ഥലംമാറ്റണമെങ്കിലും സമിതിയുടെ അനുമതി വേണം. 

കോമൺ കോസിനുവേണ്ടി ദുഷ്യന്ത് ദവെയും, ഇടപെടൽ ഹർജിക്കാരനായ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയ്ക്കുവേണ്ടി കപിൽ സിബലും സിബിഐ ഡയറക്ടർ നിയമനത്തിലെ വകുപ്പുകൾ വ്യാഖ്യാനിച്ച് വാദമുന്നയിച്ചു. സ്ഥലംമാറ്റാതെ, അവധിയിൽ പ്രവേശിപ്പിക്കുകയെന്നതാണ് സർക്കാർ ചെയ്തതെന്നും നേരിട്ടുള്ള നടപടിക്ക് അധികാരമില്ലാത്തപ്പോൾ നേരിട്ടല്ലാത്ത നടപടിയും പറ്റില്ലെന്നും ദവെ പറഞ്ഞു. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സിവിസി ഉത്തരവിറക്കിയതെന്നും ഇപ്പോൾ സിബിഐ ഡയറക്ടർക്കു സംഭവിച്ചത് നാളെ സിവിസിക്കും സംഭവിക്കാമെന്നും സിബൽ വാദിച്ചു.