സി.പി.എം ജനജാഗ്രതാ ജാഥ പ്രയാണം തുടങ്ങി


ഹൊസങ്കടി, ജനുവരി 28.2019 ● സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ജനജാഗ്രതാ ജാഥക്ക‌് ഹൊസങ്കടിയിൽ ഉജ്വല തുടക്കം. നാടിന്റെ സമാധാനം സംരക്ഷിക്കുക, വർഗീയതയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച‌ും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുമുള്ള ജാഥ സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ‌്ചന്ദ്രൻ ലീഡറും ജില്ലാസെക്രട്ടറിയുമായ എം വി ബാലകൃഷ‌്ണന‌് പതാക കൈമാറി ഉദ‌്ഘാടനം ചെയ‌്തു. ജില്ലാസെക്രട്ടറിയറ്റ‌് അംഗം കെ ആർ ജയാനന്ദ അധ്യക്ഷനായി. 

സംസ്ഥാനകമ്മിറ്റി അംഗം സി എച്ച‌് കുഞ്ഞമ്പു, ജില്ലാസെക്രട്ടറിയറ്റ‌് അംഗം കെ വി കുഞ്ഞിരാമൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, കെ എ മുഹമ്മദ‌് ഹനീഫ, എം ശങ്കർറൈ എന്നിവർ സംസാരിച്ചു. അബ്ദുറസാഖ‌് ചിപ്പാർ സ്വാഗതം പറഞ്ഞു. 

  ജാഥ തിങ്കളാഴ‌്ച 9.30ന‌് ബായാർപദവിൽനിന്ന‌് പര്യടനം തുടങ്ങി വൈകിട്ട‌് ചെർക്കളയിൽ സമാപിക്കും. ചൊവ്വാഴ‌്ച രാവിലെ 9.30ന‌് കോട്ടച്ചേരിയിൽ നിന്നാരംഭിക്കുന്ന പര്യടനം  വൈകിട്ട‌് തൃക്കരിപ്പൂരിൽ സമാപിക്കും. 

ശബരിമല വിഷയത്തിന്റെ മറവിൽ ജില്ലയിലെ സമാധാന ജീവിതം തകർക്കാനാണ‌് സംഘപരിവാർ ശ്രമം. വനിതാ മതിലിൽ പങ്കെടുത്ത സ‌്ത്രീകൾക്ക‌് നേരെ വലിയ അക്രമം അഴിച്ചുവിട്ടു. ഹർത്താലിന്റെ മറവിൽ ജില്ലയിലാകെ അക്രമം നടത്തി. ബായാർ, ബന്തിയോട‌് തുടങ്ങിയ വടക്കൻ മേഖലയിൽ വർഗീയ സംഘർഷമുണ്ടാക്കാനായിരുന്നു സംഘ‌്പരിവാർ നീക്കം.  കേന്ദ്രഭരണത്തിന്റെ ഹുങ്കിലുള്ള സംഘപരിവാർ അക്രമത്തിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ‌് ജാഥ.

ആയിരം ദിവസം പൂർത്തിയാക്കുന്ന എൽഡിഎഫ‌് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളോട‌് വിശദീകരിക്കും. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മതേതര ജനാധിപത്യ ശക്തികൾക്ക‌്  മുൻതൂക്കമുള്ള സർക്കാർ കേന്ദ്രത്തിൽ വരേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കിയുള്ള ജാഥ തീരദേശത്തെയും മലയോരത്തെയും പ്രാധാന കേന്ദ്രങ്ങളിലൂടെയാണ‌് പര്യടനം നടത്തുക. പതിനായിരങ്ങളുമായി സംവദിച്ചായിരിക്കും ജാഥാപര്യടനം. സംസ്ഥാനകമ്മിറ്റി അംഗങ്ങൾ,  ജില്ലാസെക്രട്ടറിയറ്റ‌് അംഗങ്ങൾ, ജില്ലാകമ്മിറ്റിയിലെ വനിതകൾ എന്നിവർ അംഗങ്ങളായിരിക്കും.
keyword :startedjanajagrathaprayanam-CPM