ജില്ലയിൽ പിടിച്ചെടുത്ത 257 വാഹനങ്ങള്‍ ലേലത്തിന് ; ഉടമകള്‍ക്ക് 30 ദിവസം കൂടി തിരിച്ചെടുക്കാന്‍ അവസരംകാസറഗോഡ് : ജനുവരി 15 ,2019 :   ജില്ലയില്‍ വിവിധ കാലങ്ങളിലായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് അവകാശികള്‍ സമീപിക്കാത്തതുമായ 257 സ്വകാര്യ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ജില്ലയിലാദ്യമായാണ് ഇത്രയും കൂടുതല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യലേലത്തിനായി വെക്കുന്നത്. ഉടമകള്‍ക്ക് അവസാന അവസരമെന്ന നിലയില്‍ വാഹനങ്ങള്‍ തിരിച്ചെടുക്കുന്നതിന് വിവിധ വകുപ്പ് അധികൃതരെ സമീപിക്കുന്നതിനായി 30 ദിവസം കൂടി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രേഖകളുമായി ഹാജരാവാത്ത പക്ഷം വാഹനങ്ങള്‍ ലേലം ചെയ്യും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റുമായി പോലീസ്, റവന്യൂ, ആര്‍.ടി.ഒ. വകുപ്പുകള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ (https://kasargod.gov.in/) ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്കായി കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ (9447100298), ഡിവൈഎസ്പി (നാര്‍കോട്ടിക്സ്) നന്ദനന്‍പിള്ള (9497990144) എന്നിവരെ ബന്ധപ്പെടുക.