സെഞ്ചുറി മികവില്‍ അസ്ഹറുദ്ദീന്‍; കേരളത്തിന്റെ ലീഡ് 100 കടന്നു

Image credit: KCA
മൊഹാലി: ജനുവരി 01.2019. പഞ്ചാബിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ കേരളം രണ്ടാം ഇന്നിങ്‌സില്‍ പൊരുതുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് കേരളം. രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനിപ്പോള്‍ 105 റണ്‍സ് ലീഡായി. 35 റണ്‍സുമായി വിഷ്ണു വിനോദും അക്കൗണ്ട് തുറക്കാതെ സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. 168 പന്തില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 112 റണ്‍സെടുത്ത അസ്ഹറുദ്ദീനെ ബാല്‍തേജ് സിങ് പുറത്താക്കുകയായിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. മന്‍പ്രീത് സിങ്ങിന്റെ പന്തില്‍ സച്ചിന്റെ കുറ്റി തെറിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു വിനോദിനൊപ്പം ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി.

പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വ്തനായ ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന് ഓള്‍ഔട്ടായ കേരളം, പഞ്ചാബിനെ 217 റണ്‍സിന് പുറത്താക്കിയിരുന്നു. മന്‍ദീപ് സിങ് (89) ആയിരുന്നു ടോപ് സ്‌കോറര്‍. സന്ദീപ് വാര്യര്‍ 5 വിക്കറ്റ് വീഴ്ത്തി.

news, sports, India, ദേശീയം, Ranji trophy; Century for Asharudheen.